ആറ്റുനോറ്റ് കിട്ടിയ മൂന്നര സെന്‍റ് ‘റോഡ്’ കൊണ്ടുപോയി; പട്ടികജാതികുടുംബം പെരുവഴിയില്‍

പോരേടം: ഭൂരഹിതര്‍ക്കുള്ള ഭൂമി നല്‍കല്‍ പദ്ധതി പ്രകാരം പട്ടികജാതി കുടുംബത്തിന് ലഭിച്ച മൂന്നരസെന്‍റ് സ്ഥലം നാട്ടുകാര്‍ കൈയേറി റോഡ് നിര്‍മിച്ചു. കയറിക്കിടക്കാനൊരു കൂരയെന്ന സ്വപ്നം താലോലിച്ച നാലംഗ കുടുംബം ഇതോടെ പെരുവഴിയിലായി. ചടയമംഗലം പഞ്ചായത്തിലെ അക്കോണം വാര്‍ഡില്‍ കല്ലുമല ചരുവിളവീട്ടില്‍ അനിക്കാണ് (38) ബ്ളോക്ക് പട്ടികജാതി വികസനവകുപ്പ് പദ്ധതി പ്രകാരം മൂന്നരസെന്‍റ് വസ്തു അനുവദിച്ചത്. 2011 ഫെബ്രുവരിയില്‍ പ്രമാണം ചെയ്ത് കിട്ടിയ വസ്തു കരം ഒടുക്കി സ്വന്തമായി കൃഷി ചെയ്തുവരുകയായിരുന്നു. പോരേടം മുട്ടത്ത്കോണം ഏലയുടെ ഓരത്താണ് മറ്റ് മൂന്നുപേര്‍ക്കൊപ്പം ഇവര്‍ക്ക് ഭവനനിര്‍മാണത്തിന് വസ്തു പതിച്ചുനല്‍കിയത്. അനിക്കും കുടുംബത്തിനും കിട്ടിയ വസ്തുവില്‍ ഇപ്പോള്‍ റോഡ് കഴിഞ്ഞാല്‍ ശേഷിക്കുന്നത് മൂന്ന് മീറ്റര്‍ മാത്രമാണ്. പതിച്ച് നല്‍കിയ വസ്തുവില്‍ ഭവനനിര്‍മാണത്തിന് തുക അനുവദിച്ച് നിര്‍മാണം തുടങ്ങാനിരിക്കെയാണ് വിധി റോഡിന്‍െറ രൂപത്തിലത്തെി ഭൂമി തട്ടിയെടുത്തത്. അതേസമയം, സമീപത്തുള്ള തോട് പുറമ്പോക്കോ ഏലാ നടപ്പാതയോ വരമ്പോ റോഡ് നിര്‍മാണത്തിന് ഏറ്റെടുത്തിട്ടില്ളെന്നും ആക്ഷേപമുണ്ട്. പട്ടികജാതിക്കാരും നിര്‍ധനരുമായ തങ്ങളെ കുടിയിറക്കി റോഡ് നിര്‍മിക്കാനാണ് ശ്രമമെന്നാണ് കുടുംബത്തിന്‍െറ ആരോപണം. നാലുമാസം മുമ്പാണ് അനധികൃതമായി വസ്തു കൈയേറി റോഡ് വെട്ടിയത്. അനി രോഗബാധിതനായി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സംഭവം. ചടയമംഗലം പൊലീസിലും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കുകയും അത് റൂറല്‍ എസ്.പി അന്വേഷണത്തിനായി അയക്കുകയും ചെയ്തിരുന്നു. അതും വെളിച്ചം കണ്ടതായി അറിവില്ല. പഞ്ചായത്ത് അധികൃതരോ പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരോ വിഷയത്തില്‍ ഇടപെടാന്‍ കനിവ് കാട്ടുമോ എന്നാണ് കുടുംബത്തിന്‍െറ ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.