കശുവണ്ടി സമരം: നിലപാടുകള്‍ കടുപ്പിച്ച് ഇരുകൂട്ടരും

കൊല്ലം: സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് മുന്നില്‍ നിരാഹാര സത്യഗ്രഹം അടക്കം സമരം തുടരുമ്പോഴും ഫാക്ടറികള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. തൊഴിലാളികള്‍ ആവശ്യങ്ങളുമായി സമരരംഗത്തും മുതലാളിമാര്‍ നിലപാടുകള്‍ ആവര്‍ത്തിച്ച് മറുപക്ഷത്തും നിലയുറപ്പിച്ചതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ചു. സര്‍ക്കാറും കശുവണ്ടിയുടെ ചുമതലയുള്ള മന്ത്രി മേഴ്സികുട്ടിയമ്മയും ഫാക്ടറികള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതല്ലാതെ ചര്‍ച്ചക്ക് കളമൊരുക്കാന്‍ തയാറായിട്ടില്ല. ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചിലചര്‍ച്ചകള്‍ നടന്നെങ്കിലും അതൊന്നും പ്രതിസന്ധികള്‍ പരസ്പരം പങ്കുവെക്കുന്നതിന് ഉതകിയിട്ടില്ളെന്ന് തൊഴിലാളി നേതാക്കളും സമ്മതിക്കുന്നു. സമരം രണ്ട് മാസത്തിലേറെ പിന്നിട്ടിട്ടും ഉടമകളുടെ നിലപാടെന്തെന്ന് നേതാക്കള്‍ക്കും വ്യക്തതയില്ല. മൂന്നുലക്ഷത്തോളംപേരുടെ ജീവിതപ്രശ്നത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്താത്തത് സര്‍ക്കാറിന്‍െറ വീഴ്ചയാണെന്നും വിലയിരുത്തലുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ നഷ്ടം വരുമെന്നാണ് ഉടമകളുടെ വാദം. നഷ്ടമെന്ന വാദം തെറ്റാണെന്നാണ് തൊഴിലാളി യൂനിയനുകള്‍ പറയുന്നത്. കൂലി തൊഴിലുറപ്പിനേക്കാള്‍ താഴെയാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ളെന്നാണ് കാഷ്യു എക്സ്പോര്‍ട്ടേഴ്സ് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി. സുന്ദരന്‍ മാധ്യമത്തോട് പ്രതികരിച്ചത്. സമരം തുടങ്ങിയതോടെ ഫാക്ടറികള്‍ തുറക്കുമെന്നും തങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമുള്ള പ്രതീക്ഷ തൊഴിലാളികള്‍ക്ക് കൈവന്നിരുന്നു. ഇപ്പോള്‍ സമരം രാഷ്ട്രീയ നാടകമാണോ എന്ന ആശങ്കയും പടരുന്നുണ്ട്. കശുവണ്ടി വ്യവസായത്തില്‍ ജില്ലയിലെ പ്രമുഖരായ വിജയലക്ഷ്മി കാഷ്യൂസിന്‍െറ കമ്പനികള്‍ തുറക്കുമോ എന്നറിയാന്‍ കാത്തുനില്‍ക്കുകയാണ് മന്ത്രിയും തൊഴിലാളി യൂനിയന്‍ നേതാക്കളും. അവരുടെ തീരുമാനം തിങ്കളാഴ്ച അറിയിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവര്‍ തുറന്നാല്‍ മറ്റുള്ളവരും തുറക്കാന്‍ തയാറാകുമെന്ന പ്രതീക്ഷയാണ് സമരക്കാര്‍ക്കുള്ളത്. അമിതലാഭം നേടണമെന്ന മുതലാളിമാരുടെ താല്‍പര്യം കശുവണ്ടി വ്യവസായത്തെ തന്നെ തകര്‍ക്കുകയാണെന്ന് സമരസംഘടനകള്‍ ആരോപിക്കുന്നു. അതേസമയം തോട്ടണ്ടി ഇറക്കുമതി ചെയ്ത് അത് മറിച്ചുവില്‍പന നടത്തി ലാഭംകൊയ്യുന്ന പ്രവണത വ്യവസായികള്‍ക്കിടയില്‍ കൂടിവരികയാണ്. ഇതാണ് തോട്ടണ്ടിവില ഉയരുന്നതിനും കാരണം. ഇതരസംസ്ഥാനങ്ങളില്‍ പുഴുങ്ങി കട്ട് ചെയ്ത് എടുക്കുന്ന പരിപ്പ് കൊല്ലത്തെ കമ്പനികളില്‍ വറുത്ത് സംസ്കരിച്ചതെന്ന പേരില്‍ വില്‍പന നടത്തുന്നുമുണ്ട്. അമിതലാഭം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ കൊല്ലം കശുവണ്ടിയുടെ പെരുമ നഷ്ടപ്പെടുത്തുകയാണെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.