വെളിയം: മുട്ടറ മരുതിമലയില്‍നിന്ന് മരങ്ങള്‍ മുറിച്ചുകടത്തി. റബര്‍, ആഞ്ഞലി, തേക്ക് എന്നീ മരങ്ങളാണ് രാത്രി സമയത്ത് സ്വകാര്യവ്യക്തികള്‍ മുറിച്ചുകടത്തിയത്. നാട്ടുകാര്‍ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും തടയാന്‍ നടപടി ഉണ്ടായില്ല. മലയുടെ താഴ്വാരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ആദായമെടുക്കാന്‍ പാകത്തിലായ 500ഓളം റബര്‍ മരങ്ങളുണ്ട്. സ്വകാര്യ വ്യക്തികളാണ് റബര്‍ മരങ്ങളില്‍നിന്ന് പാലെടുക്കുന്നത്. റവന്യൂ അധികൃതര്‍ ഇക്കോ ടൂറിസത്തിന്‍െറ ഭാഗമായി 20 വര്‍ഷത്തേക്ക് പാട്ടത്തിനായി മലയും താഴ്ഭാഗത്തെ കൃഷിയിടങ്ങളും വെളിയം പഞ്ചായത്തിന് നല്‍കിയിരുന്നു. പാട്ടത്തുകയായി മാസം 1000 രൂപ വെച്ച് സര്‍ക്കാറിന് പഞ്ചായത്ത് നല്‍കണമെന്നാണ് വ്യവസ്ഥ. തുക ഇതുവരെ അധികൃതര്‍ നല്‍കിയിട്ടില്ല. എട്ടു വര്‍ഷത്തിനിടെ ലക്ഷങ്ങള്‍ സര്‍ക്കാറിന് പഞ്ചായത്ത് നല്‍കാനുണ്ട്. മൂന്നുവര്‍ഷം മുമ്പ് സി.പി.എം നേതാവിന്‍െറ പിന്തുണയോടെ റബര്‍ മരങ്ങള്‍ മുറിച്ചുകടത്തുകയും പാലെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മലയുടെ താഴ്ഭാഗത്തെ റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രങ്ങള്‍ അടിച്ച് നശിപ്പിച്ചു. വെളിയം പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി മഞ്ഞ പെയിന്‍റ് അടിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു. പെയിന്‍റ് അടിച്ച ശേഷം കുറച്ചുനാള്‍ സ്വകാര്യ വ്യക്തികള്‍ റബറില്‍നിന്ന് ആദായമെടുപ്പ് നിര്‍ത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.