കുണ്ടറയില്‍ ഗതാഗതം തോന്നുംപടി; നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആരുമില്ല

കുണ്ടറ: കുണ്ടറയില്‍ ദേശീയപാതയിലും മറ്റ് ജങ്ഷനുകളിലും ഗതാഗത നിയന്ത്രണം താളംതെറ്റിയിട്ട് മാസങ്ങള്‍. പൊലീസോ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോ നടപടി സ്വീകരിക്കാന്‍ തയാറാവുന്നില്ല. മൂന്നുവര്‍ഷം മുമ്പ് വ്യാപാരികളുടെ സഹകരണത്തോടെ ലക്ഷങ്ങള്‍ മുടക്കി നടത്തിയ ട്രാഫിക് ക്രമീകരണങ്ങളുടെ ബാക്കിപത്രമായി സൂചനാ ബോര്‍ഡുകളും ഡിവൈഡറുകളും മറ്റും പൊലീസ് സ്റ്റേഷന്‍ വളപ്പിലും ദേശീയ പാതയോരങ്ങളിലും തുരുമ്പെടുത്ത് നശിക്കുകയാണ്. ഇളമ്പള്ളൂരിലും മുക്കടയിലും ആശുപത്രിമുക്കിലും പള്ളിമുക്കിലും ആറുമുറിക്കടയിലും പെരുമ്പുഴയിലും കേരളപുരത്തും മുളവനയിലും പൊലീസും പഞ്ചായത്തുകളും സന്നദ്ധസംഘടനകളും ചേര്‍ന്ന് നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങള്‍ കാല്‍നടയാത്രികര്‍ക്കുള്‍പ്പെടെ ഗുണകരമായിരുന്നു. ആശുപത്രിമുക്കില്‍ കൊട്ടിയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് രാജ തിയറ്ററിന് സമീപം ബസ്സ്റ്റോപ്പും കാത്തിരുപ്പുകേന്ദ്രവും നിര്‍മിച്ചിരുന്നു. ഇവിടെ ബസുകള്‍ നിര്‍ത്തി ആളെകയറ്റാനും ഇറക്കാനും പൊലീസും നടപടി സ്വീകരിച്ചിരുന്നു. ആശുപത്രിമുക്കിലും മുക്കടയിലും ഇളമ്പള്ളൂരിലും ഡിവൈഡറുകള്‍ സ്ഥാപിച്ചത് റോഡ് മുറിച്ചു കടക്കുന്നവര്‍ക്കും തിരിയേണ്ട വാഹനങ്ങള്‍ക്കും സൗകര്യമായിരുന്നു. മുക്കടയില്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ തുറന്നിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പൂട്ടിയതോടെ അപകടവും സാമൂഹികവിരുദ്ധരുടെ അക്രമവും വര്‍ധിച്ചു. ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങള്‍ തോന്നുംപടിയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇളമ്പള്ളൂര്‍ പഞ്ചായത്തുവക സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ പോയി വാഹനങ്ങള്‍ തിരിക്കണമെന്നായിരുന്നു നേരത്തെ നിബന്ധന. എന്നാല്‍ ഇതാരും വകവെക്കുന്നില്ല. തിരക്കേറിയ മുക്കട ജങ്ഷന്‍, പോസ്റ്റ് ഓഫിസ് പരിസരം, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ഇളമ്പള്ളൂര്‍ സര്‍ക്കാര്‍ സ്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ ബസുകള്‍ തോന്നുംപടിയാണ് സഞ്ചരിക്കുന്നത്. ഇത് ഇരുചക്രവാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ അപകടഭീഷണി ഉയര്‍ത്തുന്നു. രാവിലെയും വൈകീട്ടും ഗതാഗതകുരുക്കും പതിവാണ്. ഗേറ്റുകള്‍ അടച്ച് തുറക്കുന്ന സമയത്തെ തിരക്കും ഗതാഗത ക്രമീകരണങ്ങളെ താളംതെറ്റിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.