പോളച്ചിറ വിണ്ടുകീറി: വിതച്ച വിത്തുകള്‍ കിളിര്‍ത്തില്ല

പാരിപ്പള്ളി: പോളച്ചിറയിലെ ചേറില്‍ വന്‍തോതില്‍ ഉപ്പിന്‍െറ അംശമുള്ളതിനാല്‍ കൃഷി പരാജയത്തിലേക്ക്. കഴിഞ്ഞ മൂന്നിനാണ് കൃഷിയിറക്കലിന്‍െറ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചത്. വിത നടത്തിയ പല നിലങ്ങളിലും ഇനിയും വിത്ത് കിളിര്‍ത്തിട്ടില്ല. നാമമാത്രമായി കിളിര്‍ത്തതുതന്നെ കരിഞ്ഞുപോകുകയാണ്. വിശാലമായ പോളച്ചിറ ഏതാണ്ട് വരണ്ട് വിണ്ടുകീറി. ഉപ്പിന്‍െറ അംശമുള്ളതിനാല്‍ കൃഷിയിറക്ക് പരാജയത്തിലേക്ക് പോകുമെന്ന് നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പൊഴിക്കര സ്പില്‍വേ കൃത്യമായി അടക്കാനും തുറക്കാനും കഴിയാത്തതുകൊണ്ടാണ് പരവൂര്‍ കായല്‍വഴി ഉപ്പുവെള്ളം പോളച്ചിറയില്‍ എത്തുന്നത്. റവന്യൂ വകുപ്പിന്‍െറ റിപ്പോര്‍ട്ട് മറികടന്നാണ് ചിറക്കര പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പോളച്ചിറ വറ്റിച്ച് കൃഷിയിറക്കിയത്. വറ്റിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂവകുപ്പ് പഠനം നടത്തിയിരുന്നു. വെള്ളം വറ്റിച്ചാല്‍ പ്രദേശത്ത് കുടിനീര്‍ക്ഷാമം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മീന്‍ പിടിക്കാനും ഏതാനും പേര്‍ക്ക് കൃഷിയിറക്കാനുമായി വറ്റിക്കുന്നതിനെതിരെ പ്രതിഷേധം മുന്‍ വര്‍ഷങ്ങളിലും ശക്തമായിരുന്നു. 1500 ഏക്കര്‍ വിസ്തൃതിയുള്ള പോളച്ചിറയിലെ വറ്റാത്ത ജലസ്രോതസ്സാണ് ചാത്തന്നൂര്‍, ചിറക്കര, പരവൂര്‍ മേഖലകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നത്. ഇവിടെ വെള്ളം കുറഞ്ഞതിനത്തെുടര്‍ന്ന് മേഖലയിലെ ഭൂഗര്‍ഭ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നതായി ഭൂഗര്‍ഭ ജലവിഭവവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് അവശേഷിക്കുന്ന വെള്ളമുള്ള ഭാഗങ്ങള്‍ വറ്റിക്കാന്‍ നിരോധിച്ച് കലക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും മത്സ്യക്കച്ചവടം ലക്ഷ്യമിട്ടുള്ള ചിലരുമാണ് ഇതിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. കലക്ടറുടെ ഉത്തരവ് മറികടന്ന് രാത്രി പലപ്പോഴും വെള്ളം വറ്റിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മീനാട് മുതല്‍ ചിറക്കര വരെ വ്യാപിച്ച് കിടക്കുന്ന 1500 ഏക്കറില്‍ ഏതാനും പേര്‍ മാത്രമാണ് കൃഷിയിറക്കാറുള്ളത്. ഇതിനിടെ, പല ഭാഗവും കരയാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.