പുനലൂര്‍: നിര്‍മാണം പൂര്‍ത്തിയായ പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈനില്‍ മൂന്ന് റീച്ചുകളിലെയും സുരക്ഷപരിശോധന പൂര്‍ത്തിയായതോടെ സര്‍വിസിന് സജ്ജമായി. കഴിഞ്ഞദിവസങ്ങളിലായി പരിശോധ നടന്ന ചെങ്കോട്ട-ഭഗവതിപുരം, ഭഗവതിപുരം-ന്യൂ ആര്യങ്കാവ് റീച്ചുകളില്‍ വ്യാഴാഴ്ച സുരക്ഷകമീഷണറുടെ സാന്നിധ്യത്തില്‍ പരീക്ഷണാര്‍ഥം ട്രെയിന്‍ ഓടിച്ച് സുരക്ഷ ഉറപ്പാക്കി. ഇതോടെ ബ്രോഡ്ഗേജ് നിര്‍മാണം പൂര്‍ത്തിയായ പുനലൂര്‍-ഇടമണ്‍, ന്യൂ ആര്യങ്കാവ്- ഭഗവതിപുരം, ഭഗവതിപുരം-ചെങ്കോട്ട റീച്ചുകളില്‍ അടുത്തുതന്നെ ട്രെയിന്‍ ഓടുമെന്ന് ഉറപ്പായി. ഇടമണ്‍-തെന്മല, തെന്മല-ന്യൂ ആര്യങ്കാവ് റീച്ചുകളിലാണ് നിര്‍മാണം ശേഷിക്കുന്നത്. ഈ റീച്ചുകളില്‍ വേഗത്തില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മേയില്‍ സര്‍വിസിന് സജ്ജമാകും. ഇതോടെ പഴയ കൊല്ലം-ചെങ്കോട്ട ട്രെയിന്‍ സര്‍വിസ് ആറര വര്‍ഷത്തിനുശേഷം പൂര്‍വനിലയിലാകും. ദക്ഷിണ റെയില്‍വേ സുരക്ഷ കമീഷണര്‍ കെ.എ. മോഹനന്‍ മൂന്നുദിവസമായി കിഴക്കന്‍മേഖലയില്‍ തങ്ങിയാണ് നിര്‍മാണം കഴിഞ്ഞ റീച്ചുകളിലെ സുരക്ഷപരിശോധന പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാവിലെ ഭഗവതിപുരം-ചെങ്കോട്ട റീച്ചിലെ പരിശോധന പൂര്‍ത്തിയാക്കി. കമീഷണറും മറ്റ് ഉന്നത റെയില്‍വേ അധികൃതരും കയറിയ പരീക്ഷണ ഓട്ടത്തിനുള്ള ട്രെയിന്‍ രാവിലെ 11ഓടെ ചെങ്കോട്ടയില്‍നിന്ന് ന്യൂ ആര്യങ്കാവിലേക്ക് യാത്ര തുടങ്ങി. 12ഓടെ ട്രെയിന്‍ ന്യൂ ആര്യങ്കാവ് സ്റ്റേഷനിലത്തെി. ചെങ്കോട്ടയില്‍നിന്ന് ഭഗവതിപുരം വരെ മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തിലും ഭഗവതിപുരത്തുനിന്ന് ന്യൂ ആര്യങ്കാവ് വരെ 35 കിലോമീറ്റര്‍ വേഗത്തിലുമാണ് ട്രെയിന്‍ ഓടിയത്. ഭഗവതിപുരം മുതല്‍ പുനലൂര്‍ വരെ മലയോര സെക്ഷനായതിനാലാണ് വേഗം കുറച്ചത്. പുനലൂര്‍-ചെങ്കോട്ട ലൈനില്‍ ഭൂരിഭാഗം ദൂരവും മലയോര സെക്ഷനില്‍ വരുന്നതിനാല്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് കമീഷണര്‍ കഴിഞ്ഞദിവസം പുനലൂരില്‍ പറഞ്ഞിരുന്നു. പരിശോധന പൂര്‍ത്തിയായാലുടന്‍ ഇത് സംബന്ധിച്ച് മധുര ഡിവിഷന്‍ അധികൃതര്‍ക്ക് കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കും. ഡിവിഷന്‍ അധികൃതരാണ് സര്‍വിസ് ആരംഭിക്കുന്ന തീയതി തീരുമാനിക്കുന്നത്. പരിശോധനപൂര്‍ത്തിയായ റീച്ചുകളിലെ നിര്‍മാണം കുറ്റമറ്റതാണെന്നും ഇതില്‍ സംതൃപ്തിയുണ്ടെന്നും കമീഷണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.