നിരോധിത വലകളുടെ ഉപയോഗം വീണ്ടും സജീവം

കൊല്ലം: നിരോധിത വലകള്‍ ഉപയോഗിക്കുന്നത് വീണ്ടും വ്യാപകമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടില്‍. വലിയ രണ്ട് ബോട്ടുകള്‍ക്കിടയില്‍ വലകള്‍ ഘടിപ്പിച്ചുള്ള നിയമവിരുദ്ധ മീന്‍പിടിത്തത്തിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യമാണ്. സമുദ്രോപരിതലത്തിലും അടിത്തട്ടിലും കാണപ്പെടുന്ന മത്സ്യങ്ങളെ കൂട്ടത്തോടെ കോരിയെടുക്കുന്ന നിരോധിതവലകളുടെ ഉപയോഗം മത്സ്യസമ്പത്തിനും ഗുരുതരഭീഷണിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആവോലി, അയല, ചാള തുടങ്ങിയ സമുദ്രത്തിന്‍െറ മുകള്‍ഭാഗത്ത് കാണപ്പെടുന്ന മത്സ്യങ്ങളാണ് പരമ്പാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതലും ലഭിക്കുന്നത്. അടക്കംകൊല്ലി അടക്കമുള്ള വലകളുടെ ഉപയോഗം വ്യാപകമായതോടെ ഇത്തരം മീനുകളുടെ ലഭ്യതയില്‍ കുറവുവന്നിട്ടുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സമുദ്രത്തിന്‍െറ അടിത്തട്ടിലുള്ള ചെങ്കലവ, കരിക്കാടി, പൂവാലന്‍ തുടങ്ങിയവയും നിരോധിത വലകളില്‍ കൂട്ടത്തോടെ അകപ്പെടുന്നു. നിരോധിത വലകളുടെ ഉപയോഗം വര്‍ധിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇത്തരം വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തുടരുന്നു. രാത്രിയിലാണ് ഇത്തരത്തിലെ മീന്‍പിടിത്തം കൂടുതല്‍. ഇത്തരത്തിലെ മീന്‍പിടിത്തത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ രംഗത്തുവന്നത് സംഘര്‍ഷാവസ്ഥക്ക് കാരണമായിരുന്നു.കൊല്ലം തീരത്തെ അടക്കംകൊല്ലി ഉപയോഗത്തിനെ ചെറുക്കണമെന്ന ആവശ്യം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.ിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സുമെന്‍റും പരിശോധനകള്‍ വ്യാപകമാക്കണമെന്ന നിര്‍ദേശമാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.