കഞ്ചാവ് വില്‍പനക്കാരന്‍ എക്സൈസ് സംഘത്തെ ആക്രമിച്ചു

കൊല്ലം: കഞ്ചാവ് വില്‍പനക്കാരന്‍ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തിപ്പരിക്കേല്‍പിച്ചു. കഞ്ചാവ് ലഹരിയിലായിരുന്ന കരിക്കോട് പട്ടാണിച്ചിറ നൗഷാദ് മന്‍സിലില്‍ ‘മീശമാധവന്‍’ എന്ന ഷംനാദാണ് (24) അറസ്റ്റ് ചെയ്യാനത്തെിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തിയത്. പൊട്ടിയ ഗ്ളാസ് ചില്ലുകൊണ്ടുള്ള ആക്രമണത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.അനില്‍കുമാര്‍, അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ടി.സുരേന്ദ്രന്‍ പിള്ള, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ ആന്‍റണി, ടി.എസ്. ശരത്, ഇ.തസ്ലിം എന്നിവര്‍ക്ക് പരിക്കേറ്റു. കൈക്ക് മുറിവേറ്റ ഇവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. കഞ്ചാവ് കച്ചവടത്തിനിടെ രണ്ടുദിവസംമുമ്പ് പിടിയിലായ കരിക്കോട് സ്വദേശി ജാസിയില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് എക്സൈസുകാര്‍ വ്യാഴാഴ്ച രാവിലെ ഏഴോടെ ഷംനാദിനെ തേടി കരിക്കോട് എത്തിയത്. കരിക്കോട് പഴയ ബസ്സ്റ്റാന്‍ഡിന് സമീപം മീന്‍ കച്ചവടത്തിന്‍െറ മറവില്‍ ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നു. കരിക്കോട് ശിവറാം സ്കൂളിന് മുന്നിലൂടെ വരുകയായിരുന്ന ഷംനാദ് എക്സൈസുകാരെ കണ്ടയുടന്‍ റോഡുവക്കില്‍ കിടന്ന പൊട്ടിയ ഗ്ളാസ് എടുത്ത് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ കൈകള്‍ക്ക് പരിക്കേറ്റത്. കുപ്പിച്ചില്ലുകൊണ്ട് ഷംനാദിന്‍െറ കൈപ്പത്തിക്കും പരിക്കുണ്ട്. ബലപ്രയോഗത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷംനാദിന്‍െറ പക്കല്‍നിന്ന് 95 പൊതികളില്‍ സൂക്ഷിച്ചിരുന്ന 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ വി.എസ്. അഖില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. എക്സൈസിനെ ആക്രമിച്ചതിന് ഷംനാദിനെതിരെ പൊലീസ് കേസ് എടുത്തു. ഷംനാദിനെതിരെ കിളികൊല്ലൂര്‍, കൊല്ലം ഈസ്റ്റ് സ്റ്റേഷനുകളില്‍ മോഷണക്കേസ് നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.