മിഷന്‍ കൊല്ലം: മൊബിലിറ്റി ഹബ്ബിനും ഇക്കോ ടൂറിസത്തിനും നിര്‍ദേശം

കൊല്ലം: നഗരത്തിന്‍െറ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘മിഷന്‍ കൊല്ലം’ പദ്ധതിക്ക് ജനങ്ങളില്‍നിന്ന് ഇതിനകം ലഭിച്ചത് വിവിധ മേഖലകളുമായി ബന്ധപ്പെട്ട വ്യത്യസ്ത നിര്‍ദേശങ്ങള്‍. ഇവയില്‍ പലതും നഗരവികസനത്തിന് അനിവാര്യമാണെന്ന നിഗമനത്തിലാണ് കോര്‍പറേഷന്‍ ഭരണനേതൃത്വം. 25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയാറാക്കുകയും അതില്‍ അടുത്ത നാലുവര്‍ഷത്തേക്കുള്ളത് മുന്‍ഗണന നല്‍കി നടപ്പാക്കുകയും ചെയ്യാനാണ് ലക്ഷ്യം. ഇതിന് ആരോഗ്യം, പരിസ്ഥിതി, വ്യവസായം, പാര്‍പ്പിടം എന്നീ മേഖലകളായി തിരിച്ചാണ് നിര്‍ദേശം ക്ഷണിച്ചത്. ആരോഗ്യമേഖലയില്‍ ഹെല്‍ത്ത് സെന്‍ററുകളുടെ നവീകരണവും പരിസ്ഥിതി മേഖലയില്‍ പ്ളാസ്റ്റിക്മുക്തവും ഹരിതാഭവുമായ നഗരവുമാണ് ലക്ഷ്യം. നാല് മേഖലയുമായി ബന്ധപ്പെട്ട് ഇതിനകം ക്രിയാത്മകമായ 20ലേറെ നിര്‍ദേശം ലഭിച്ചു. കല്ലുംതാഴം, ശക്തികുളങ്ങര, കൊല്ലം മൊബിലിറ്റി ഹബ്, വിശാല കൊല്ലം നഗരം യാഥാര്‍ഥ്യമാക്കല്‍, കൊല്ലം തുറമുഖവുമായി ബന്ധപ്പെടുത്തി ട്രെയിന്‍ ഗതാഗതം, തീരദേശ റോഡ് വികസന പദ്ധതി എന്നിവ പ്രധാന നിര്‍ദേശങ്ങളില്‍പ്പെടുന്നു. കൊല്ലത്തിന്‍െറ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിലവില്‍ കാര്യക്ഷമമായ പദ്ധതികളില്ലാത്തതിനാല്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. നഗരത്തിലെ പൗരാണിക കെട്ടിടങ്ങള്‍ സംരക്ഷിച്ച് മ്യൂസിയമാക്കുക, തങ്കശ്ശേരിയുടെ ചരിത്രപ്രാധാന്യം അനാവരണം ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കുക, പൗരാണിക കലകളുടെ ഉന്നമനത്തിന് സ്ഥാപനം തുടങ്ങുക, ആശ്രാമം മൈതാനത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ സ്പോര്‍ട്സ് കോംപ്ളക്സ് തുടങ്ങുക എന്നീ നിര്‍ദേശങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടുദിവസംകൂടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്ന് മേയര്‍ വി.രാജേന്ദ്രബാബു പറഞ്ഞു. (ഇ-മെയില്‍: navakeral ammissionklm@gmail.com, ഫേസ്ബുക്ക്: www.facebook.com/missionkollam, ബ്ളോഗ്: www.missionkollam.blogspot.in). സംസ്ഥാന സര്‍ക്കാറിന്‍െറ നവകേരള മിഷനുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ‘മിഷന്‍ കൊല്ലം’ പദ്ധതിയിലും നടപ്പാക്കുക. 22 വികസന മേഖലകളായി തിരിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുക. ഇതിന് ആസൂത്രണ സമിതിയില്‍ വിവിധ മേഖലകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.