വനിത സ്വയംസഹായ സംഘങ്ങളുടെ മറവില്‍ തട്ടിപ്പ് വ്യാപകം

കൊട്ടിയം: വനിതകളുടെ പേരില്‍ സ്വയം സഹായ സംഘങ്ങളുണ്ടാക്കി പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാകുന്നതായി പരാതി. ബാങ്ക് ഉദ്യോഗസ്ഥരുടെയടക്കം അറിവോടെയാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്. കോളനികള്‍, സൂനാമി ഫ്ളാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. 10 വനിതകള്‍ അടങ്ങിയ ഒരു ഗ്രൂപ്പിന് പരസ്പര ജാമ്യത്തില്‍ സ്വയം തൊഴില്‍ കണ്ടത്തെുന്നതിന് ഒരാള്‍ക്ക് 30,000 മുതല്‍ 50,000 വരെയാണ് ബാങ്കുകള്‍ നല്‍കുന്നത്. ഒരു ഗ്രൂപ്പിന് മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ നല്‍കും. തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തുടങ്ങിയ രേഖകള്‍ വാങ്ങിയാണ് വായ്പ നല്‍കുന്നത്. എന്നാല്‍ ബാങ്കില്‍നിന്ന് നല്‍കുന്ന തുക മുഴുവന്‍ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് നല്‍കാതെ മൂന്നിലൊന്ന് തുക നല്‍കിയശേഷം ബാക്കി തുക ഏജന്‍റുമാര്‍ എടുക്കുകയാണ് ചെയ്യുന്നത്. അതുകൂടാതെ ഓരോ അംഗവും കമീഷനും നല്‍കണം. 30,000 രൂപ വായ്പയെടുക്കുന്ന ഒരാള്‍ക്ക് 20,000 രൂപ മാത്രമേ കൈയില്‍ കിട്ടുകയുള്ളൂ. കമീഷനുംകൂടി നല്‍കിക്കഴിയുമ്പോള്‍ 18,000 രൂപയായിരിക്കും ലഭിക്കുക. 50,000 എടുക്കുന്നവര്‍ക്ക് 30,000 രൂപയായിരിക്കും കൈയില്‍ കിട്ടുക. വായ്പക്കായി ഇവരെ ബാങ്കില്‍ കൊണ്ടുപോകുന്നവരാണ് പലപ്പോഴും ബാങ്കില്‍നിന്ന് പണം വാങ്ങുക. അതില്‍നിന്ന് ആവശ്യമുള്ള പണം അവര്‍ എടുത്ത ശേഷമാകും സ്വയം സഹായസംഘങ്ങളിലെ വനിതകള്‍ക്ക് ബാക്കി തുക നല്‍കുക. തങ്ങള്‍ എടുത്ത പണത്തിന്‍െറ ബാക്കി തുകക്കുള്ള വിഹിതം മാത്രം നിങ്ങള്‍ ബാങ്കില്‍ തിരിച്ചടക്കുന്നതിനായി മാസംതോറും നല്‍കിയാല്‍ മതിയെന്നാണ് ഇടനിലക്കാര്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്. ഇടനിലക്കാര്‍ മുങ്ങിയാല്‍ മുഴുവന്‍ തുകയും വായ്പയെടുത്തവര്‍ തിരിച്ചടക്കേണ്ടിവരും. പല പേരുകളിലാണ് ഇവര്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പയെടുത്ത് നല്‍കുന്നത്. വനിത ഏജന്‍റുമാരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കോളനികളിലും സൂനാമി ഫ്ളാറ്റുകളിലും താമസിക്കുന്ന പാവപ്പെട്ട സ്ത്രീകളാണ് ഇവരുടെ ഇരകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.