ഓടനാവട്ടം മേഖലയില്‍ മാലിന്യനിക്ഷേപം വര്‍ധിക്കുന്നു

വെളിയം: ഓടനാവട്ടം മേഖലയില്‍ മാലിന്യനിക്ഷേപം തകൃതിയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. മുട്ടറ, കുടവട്ടൂര്‍, വെളിയം, കളപ്പില, തുറവൂര്‍, ചെറുകരകോണം പ്രദേശങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ബേക്കറികള്‍, ഹോട്ടലുകള്‍, പച്ചക്കറിക്കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യമാണ് നിക്ഷേപിക്കുന്നത്. കട്ടയില്‍ തോട്ടിലെ വെള്ളം വറ്റിയതിനാല്‍ ഒഴുക്ക് നിലച്ചിരിക്കുകയാണ്. രാത്രിയില്‍ ദൂരെസ്ഥലങ്ങളില്‍നിന്ന് വാഹനങ്ങളില്‍ മാംസാവശിഷ്ടങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. തോട്ടില്‍ വെള്ളമില്ലാത്തതും മാലിന്യംനിക്ഷേപിക്കുന്നതുംമൂലം പ്രദേശവാസികള്‍ ദുരിതത്തിലാണ്. ഓടനാവട്ടം ജങ്ഷനിലെ ഓടയില്‍ കടകളില്‍നിന്നുള്ള മാലിന്യം പൈപ്പുകള്‍ വഴിയാണ് ഒഴുക്കിവിടുന്നത്. മാലിന്യം ഒഴുകിപ്പോകാത്തതിനാല്‍ വലിയദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. അറവലക്കുഴി, യക്ഷിക്കുഴി തോടുകളില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്ക് പകര്‍ച്ചവ്യാധി പോലുള്ള മാരകരോഗങ്ങള്‍ പിടിപെടുന്നതിന് കാരണമായിട്ടുണ്ട്. മാലിന്യം വെള്ളത്തില്‍ കെട്ടിക്കിടന്ന് കൊതുകുകളും ചെറുജീവികളുമായി ദുര്‍ഗന്ധം വമിക്കുന്നത് കാരണം തദ്ദേശിയര്‍ ബുദ്ധിമുട്ടിലാണ്. ഓടനാവട്ടം എതിരംകോട് ഭാഗത്ത് മാലിന്യം തള്ളുന്നവരെ സമീപത്തെ സഹകരണ ബാങ്കിന്‍െറ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൂയപ്പള്ളി പൊലീസില്‍ പരാതിനല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഓടനാവട്ടം ചപ്പാത്ത് മുക്കില്‍ വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം റോഡരുകില്‍ ഇറക്കിയത് ഗതാഗത തടസ്സത്തിനും കാരണമായിട്ടുണ്ട്. പൂയപ്പള്ളി പൊലീസ് പ്രദേശത്ത് പട്രോളിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.