ജീവനക്കാരുടെ കൂട്ടായ്മയില്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ചെയിന്‍ സര്‍വിസ്

പത്തനാപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ വികസനസ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി ജീവനക്കാരുടെ കൂട്ടായ്മയില്‍ പുതിയ ചെയിന്‍ സര്‍വിസുകള്‍ തുടങ്ങി. പത്തനാപുരം-വാളകം-ചടയമംഗലം വഴി വര്‍ക്കലയിലേക്കും പുന്നല-പത്തനാപുരം-പറങ്കിമാംമുകള്‍ വഴി കൊട്ടാരക്കരയിലേക്കുമാണ് ചെയിന്‍ സര്‍വിസുകള്‍ തുടങ്ങിയത്. 10,000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വിസുകള്‍ റദ്ദാക്കണമെന്ന നിര്‍ദേശം പാലിച്ച് നിലവിലെ റൂട്ടുകള്‍ ക്രമീകരിച്ചാണ് പുതിയ ചെയിന്‍ സര്‍വിസ് ആരംഭിച്ചത്. പത്തനാപുരം, ചടയമംഗലം ഡിപ്പോകളിലെ ആറുവീതം ബസുകള്‍ ഉപയോഗപ്പെടുത്തിയാണ് പത്തനാപുരം വര്‍ക്കല ക്ഷേത്രം സര്‍വിസ് നടത്തുക. ഒരു ബസിന് എട്ട് ട്രിപ്പുകള്‍ എന്ന നിലയില്‍ ദിവസം 96 ട്രിപ്പുകള്‍ നടത്തും. പത്തനാപുരം ബസ് സ്റ്റേഷനില്‍നിന്ന് ദീര്‍ഘദൂര ചെയിന്‍ സര്‍വിസ് ആരംഭിക്കുന്നത് ആദ്യമാണ്. പത്തനാപുരത്തുനിന്ന് വാളകം ശബരി ബൈപാസ് വഴി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പത്തനംതിട്ട, റാന്നി, എരുമേലി, കട്ടപ്പന, കുമളി ഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരുവനന്തപുരം ഭാഗത്തേക്ക് എളുപ്പത്തിലത്തൊനുള്ള പാതയാണ് ശബരി ബൈപാസ്. ചെയിന്‍ സര്‍വിസ് ആരംഭിച്ചതോടെ കൊട്ടാരക്കര, പുനലൂര്‍ ടൗണുകള്‍ കറങ്ങാതെ വേഗത്തില്‍ എത്താന്‍ കഴിയും. പത്തനാപുരം ഡിപ്പോയിലെ മൂന്നും കൊട്ടാരക്കരയിലെ മൂന്നും ബസുകള്‍ മാത്രം കൈയടക്കിയിരുന്ന പറങ്കിമാംമുകള്‍ പാതയില്‍ ഇനി 25 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി സര്‍വിസ് ഉണ്ടാകും. ദിവസവും 72 ട്രിപ്പാണ് നടത്തുക. രാഷ്ട്രീയ ഇടപെടലില്ലാതെ പത്തനാപുരം ഡിപ്പോയിലെ ജീവനക്കാര്‍ മുന്‍കയൈടുത്ത് വിവിധ ഡിപ്പോകളിലെ ജീവനക്കാരുമായി ചര്‍ച്ച നടത്തിയാണ് ചെയിന്‍ സര്‍വിസുകള്‍ ആരംഭിച്ചത്. സര്‍വിസുകള്‍ ആരംഭിച്ചപ്പോഴും ഉദ്ഘാടന മഹാമഹങ്ങളില്ലാതെ ജീവനക്കാരുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു ചടങ്ങുകള്‍. ചെയിന്‍ സര്‍വിസ് എത്തിയപ്പോള്‍ പുന്നല, പറങ്കിമാംമുകള്‍, കൊട്ടാരക്കര, പത്തനാപുരം, വാളകം, ചെങ്ങമനാട്, കുന്നിക്കോട്, ചടയമംഗലം, വര്‍ക്കല എന്നിവിടങ്ങളിലെല്ലാം വന്‍സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. മികച്ച വരുമാനം ലഭിക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.