‘നവകേരളത്തിന് ജനകീയാസൂത്രണം’: പഞ്ചവത്സര പദ്ധതി നടത്തിപ്പിന് ജില്ലയില്‍ വിപുല തയാറെടുപ്പ്

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ‘നവകേരളത്തിന് ജനകീയാസൂത്രണം’ പദ്ധതിയുടെ ഭാഗമായി 13ാം പഞ്ചവത്സര പദ്ധതി രൂപവത്കരണത്തിന് ജില്ലയില്‍ ക്രമീകരണങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 31ന് മുമ്പ് പദ്ധതികളുടെ ആസൂത്രണം പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നുമുതല്‍ നിര്‍വഹണം തുടങ്ങുകയാണ് ലക്ഷ്യമെന്ന് ജില്ല ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനപങ്കാളിത്തം പരമാവധി ഉറപ്പാക്കിയുള്ള പ്രവര്‍ത്തനത്തില്‍ ഉല്‍പാദനമേഖലക്കാണ് മുന്‍തൂക്കം. മാലിന്യ നിര്‍മാര്‍ജനം, നഗരാസൂത്രണം, യുവജനപങ്കാളിത്തം, സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കല്‍ എന്നിവക്കും പ്രധാന്യം നല്‍കും. ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍, സന്നദ്ധപ്രവര്‍ത്തകര്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരുടെയും സഹകരണം ഉറപ്പാക്കും. പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ബ്ളോക്ക് തല പരിശീലനം നടത്തും. ഇതിനുള്ള 43 റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനം തൃശൂര്‍ ‘കില’യില്‍ പൂര്‍ത്തീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ അഞ്ച് വിഷയ-മേഖലകള്‍ സംബന്ധിച്ച ഏകദിന പരിശീലനം ആറുമുതല്‍ ബ്ളോക്ക് കേന്ദ്രങ്ങളില്‍ രാവിലെ 9.30ന് നടക്കും. ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ് ചെയര്‍പേഴ്സണ്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം. തദ്ദേശസ്ഥാപനങ്ങളില്‍ നിലവില്‍ വന്ന ആസൂത്രണ സമിതികളില്‍ അധ്യക്ഷനായിരിക്കും പ്രസിഡന്‍റ്. സ്ഥിരംസമിതി അധ്യക്ഷരും സന്നദ്ധ സേവകരായ വിദഗ്ധ അംഗങ്ങളും ഉള്‍പ്പെടും. വിഷയ, മേഖല അടിസ്ഥാനത്തില്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും ചുരുങ്ങിയത് 12 വര്‍ക്കിങ് ഗ്രൂപ്പുകളുണ്ടാവും. ജനപങ്കാളിത്തം ഉറപ്പാക്കി പഞ്ചവത്സര/വാര്‍ഷിക പദ്ധതികള്‍ രേഖകള്‍ തയാറാക്കുകയാണ് വര്‍ക്കിങ് ഗ്രൂപ്പുകളുടെ മുഖ്യചുമതല. വാര്‍ത്താസമ്മേളനത്തില്‍ സബ് കലകട്ര്‍ ഡോ. എസ്. ചിത്ര, ജില്ല പ്ളാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, ജില്ല റിസോഴ്സ് കോഓഡിനേറ്റര്‍ ടി. പ്രേംലാല്‍, ജില്ല ആസൂത്രണസമിതി വിദഗ്ധ അംഗം എം. വിശ്വനാഥന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.