പുനലൂർ: നഗരസഭയിലെ വാളക്കോട് മേഖലയിൽ കുടിവെള്ളം വിതരണം മുടങ്ങിയതിനെ തുടർന്ന് യു.ഡി.എഫ് കൗൺസിലർമാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും വാളക്കോട് വില്ലേജ് ഓഫിസറെ ഉപരോധിച്ചു. വാളക്കോടും പരിസരത്തും കുടിവെള്ളം വിതരണത്തിനെത്തിയ ലോറിക്കാരെ ചിലർ മർദിച്ചതിനെ തുടർന്നാണ് മുടങ്ങിയത്. ഇതു സംബന്ധിച്ച് കലക്ടർക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെ കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു. ബദൽ സംവിധാനം ഒരുക്കാത്തതോടെ ഈ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാണ്. ഉപരോധത്തെ തുടർന്ന് താലൂക്ക് ഓഫിസ് ജിവനക്കാരെത്തി സമരക്കാരുമായി ചർച്ച നടത്തി. തിങ്കളാഴ്ച മുതൽ കുടിവെള്ളം വിതരണം ചെയ്യാമെന്ന ഉറപ്പിന്മേൽ വൈകീട്ടാണ് സമരക്കാർ പിന്മാറിയത്. കൗൺസിലർമാരായ എസ്. സനിൽകുമാർ, എ. അബ്ദുൽറഹീം, സുരേന്ദ്രനാഥ തിലകൻ, ഷേർളി പ്രദീപ് ലാൽ, യൂത്തുകോൺഗ്രസ് നേതാക്കളായ എൻ. അജീഷ്, റഷീദലി, അനസ് അലി, രാജീവ്, മുനീർ, ഏബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.