മലയോര മേഖലയില്‍ അര്‍ബുദബാധിതര്‍ വര്‍ധിക്കുന്നു

പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ അര്‍ബുദബാധിതര്‍ വര്‍ധിക്കുന്നു. മാലിന്യങ്ങളും ശുദ്ധജല ലഭ്യതക്കുറവും രോഗബാധ വര്‍ധിക്കാന്‍ കാരണമാകുന്നതായി ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ട്. ജില്ലയില്‍ അര്‍ബുദബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് പത്തനാപുരം. ഓരോ മാസവും രോഗികള്‍ ചികിത്സ തേടുന്നതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞ നാളിനുള്ളില്‍ മരണസംഖ്യയും വര്‍ധിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കുണ്ടയം, ഇടത്തറ മേഖലകളിലാണ് രോഗബാധിതര്‍ കൂടുതലും. ഏറ്റവും ഒടുവിലെ ആരോഗ്യവകുപ്പിന്‍െറ കണക്കെടുപ്പനുസരിച്ച് 86 പേരാണ് അര്‍ബുദം ബാധിച്ച് ചികിത്സയിലുള്ളത്. പൊതുസ്ഥലത്ത് അറവുമാലിന്യം തള്ളുന്നതുമൂലം കുടിവെള്ളം മലിനമാകുന്നതാണ് രോഗം വ്യാപിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലെ കിണര്‍ വെള്ളത്തില്‍ കൊഴുപ്പിന്‍െറ അംശം കൂടുതലാണെന്നും കണ്ടത്തെിയിട്ടുണ്ട്. കൊഴുപ്പ് കലര്‍ന്ന വെള്ളം പതിവായി ഉപയോഗിക്കുന്നത് അര്‍ബുദബാധക്ക് കരണമാകുമെന്നും പറയുന്നു. പഞ്ചായത്തില്‍ പത്തിലധികം അനധികൃത ഇറച്ചി വിപണനകേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലാണ് തള്ളുന്നത്. ഇത് മണ്ണില്‍ കലര്‍ന്ന് സമീപത്തെ വീടുകളിലെ കിണറ്റില്‍ എത്തുകയാണ് ചെയ്യുന്നത്. കൂടാതെ, നഗരമധ്യത്തിലൂടെ ഒഴുകുന്ന കല്ലുംകടവ് തോട്ടിലും വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. നിരവധി ചെറുകിട കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന തോടാണിത്. നിരവധിതവണ മാലിന്യസംസ്കരണ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് ആരോഗ്യവകുപ്പ് കത്ത് നല്‍കിയിരുന്നു. അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.