ബസ് തിരിക്കാനും ഇടമില്ല

ആയൂര്‍: പരാധീനതകളുടെ നടുവില്‍ വീര്‍പ്പുമുട്ടി ആയൂര്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍. പ്രശ്നങ്ങളില്‍ അധികാരികള്‍ മുഖം തിരിക്കുന്നതാണ് കാരണമെന്ന് ആക്ഷേപം ഉയരുന്നു. എം.സി റോഡില്‍ കൊട്ടാരക്കരക്കും കിളിമാനൂരിനും ഇടക്ക് ആയൂരില്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ ഉണ്ടെങ്കിലും പേരിലൊതുങ്ങിയ അവസ്ഥയിലാണുള്ളത്. പുതുതായി ഒരു ബസ് സര്‍വിസ്പോലും ആരംഭിച്ചിട്ടില്ല. ജില്ലയിലെ മറ്റ് ഡിപ്പോകളില്‍ നിന്നുള്ള സര്‍വിസുകള്‍ വന്നുപോകുന്നത് മാത്രമാണ് ആശ്രയം. നിന്നുതിരിയാനിടമില്ലാത്ത ഓപറേറ്റിങ് സെന്‍റര്‍ 20 സെന്‍റ് സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍െറ മുകള്‍നില റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിന് വിട്ടുനല്‍കുകയും ചെയ്തു. ഏറെ തിരക്കേറിയ എം.സി റോഡില്‍ ബസ് തിരിക്കാന്‍പോലും സൗകര്യമില്ലാതെ ഡ്രൈവര്‍മാരും വലയുകയാണ്. ബസുകള്‍ തിരിക്കുന്നതിനിടെ യാത്രക്കാര്‍ ഭീതിയില്‍ ഓടിമാറുന്ന കാഴ്ചയും നിത്യമാണ്. മൂത്രപ്പുരയുടെ സ്ഥിതിയും ദയനീയമാണ്. ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് വേണ്ടി രണ്ടേക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത് നിയമക്കുരുക്കിലുമായി. ഇവിടെ ഷെഡ് നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും നാശോന്മുഖമായ അവസ്ഥയിലാണ്. ജവഹര്‍ ഹൈസ്കൂളിനോട് ചേര്‍ന്ന ഡിപ്പോ പ്രദേശം സാമൂഹികവിരുദ്ധരുടെ താവളമായും മാറിയിട്ടുണ്ടെന്നാണ് ആക്ഷേപം. ആയൂര്‍ പട്ടണത്തിന്‍െറ സമഗ്രവികസനത്തിന് കാര്യക്ഷമമായ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.