കൊല്ലത്ത് ഫ്ളക്സുകളും ബോര്‍ഡുകളും പെരുകുന്നു യാത്ര ദുരിതം; നഗരമുഖം വികൃതം

കൊല്ലം: ഗതാഗതത്തിനും കാല്‍നടക്കും ഭീഷണിയായി ജില്ലാ ആസ്ഥാനത്ത് ഫ്ളക്സുകളും ബോര്‍ഡുകളും പെരുകുന്നു. രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും സ്ഥാപിക്കുന്ന കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളക്സുകളും നഗരത്തില്‍ അപകടക്കെണിയാകുകയാണ്. നടപ്പാതകള്‍ വരെ കൈയേറിയാണ് സ്ഥാപിച്ചിരിക്കുന്നത്. സമ്മേളനങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും ഭാഗമായി പാതയോരങ്ങളില്‍ വെക്കുന്നവ പരിപാടി കഴിഞ്ഞാലും അഴിച്ചുമാറ്റാന്‍ സംഘാടകര്‍ തയാറാവാത്തതാണ് കാരണം. ഇവയില്‍ പലതും പിന്നീട് കാറ്റിലും മഴയിലും ‘സ്വയം’ നശിക്കുകയാണ് പതിവ്. വലിയ ഫ്ളക്സ് ബോര്‍ഡുകള്‍ ഇളകി റോഡുവക്കിലും നടപ്പാതകളിലും കിടക്കുന്നത് പതിവുകാഴ്ചയാണ്. ചിന്നക്കടയിലടക്കം നടപ്പാതകള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ വെച്ച് മറച്ചനിലയിലാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിട്ടും നീക്കംചെയ്യാന്‍ അധികൃതര്‍ തയറാവുന്നില്ല. എതിര്‍ദിശയിലെ വാഹനങ്ങളുടെ കാഴ്ച മറക്കുംവിധമാണ് മരങ്ങളിലടക്കം വെച്ചിട്ടുള്ളത്. ചിലേടങ്ങളില്‍ ഡിവൈഡറുകള്‍ക്ക് നടുവിലും ഇവ ഇടംപിടിച്ചിട്ടുണ്ട്. പ്രധാന പാര്‍ട്ടികളുടെയും സംഘടനകളുടെയും ബോര്‍ഡുകള്‍ അപകട സാധ്യതയുണ്ടാവുംവിധം സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പെട്ടാലും പൊലീസ് തടയാറില്ല. പകരം നിയമം നടപ്പാക്കിയാല്‍ ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ ഭയന്ന് മൗനംപാലിക്കുകയാണ് ചെയ്യാറ്. നഗരത്തിലെ അനധികൃത ഫ്ളക്സ് വ്യാപനത്തിനെതിരെ നടപടിയെടുക്കാന്‍ കോര്‍പറേഷന് അധികാരമുണ്ടെങ്കിലും അവര്‍ ഇടപെടുന്നില്ളെന്നാണ് ജനങ്ങളുടെ ആക്ഷേപം. പ്ളാസ്റ്റിക് നിയന്ത്രണമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്ന കോര്‍പറേഷന്‍, ഫ്ളക്സ് വ്യാപനം തടയാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.