അനധികൃത മദ്യം വില്‍ക്കുന്നയാള്‍ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു

ചാത്തന്നൂര്‍: വിദേശ മദ്യവില്‍പനശാലയിലെ മദ്യം വാങ്ങി വീട്ടില്‍ സൂക്ഷിച്ച ശേഷം ആവശ്യക്കാര്‍ക്ക് ഓട്ടോയില്‍ എത്തിക്കുന്നയാള്‍ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. റെയ്ഡിന് എക്സൈസ് സംഘം എത്തിയതു കണ്ട് മദ്യ വില്‍പനക്കാരന്‍െറ ഭാര്യ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എക്സൈസ് സംഘത്തിലുണ്ടായിരുന്ന വനിതാ സിവില്‍ എക്സൈസ് ഓഫിസറുടെ നേതൃത്വത്തില്‍ ഇവരെ പിന്തിരിപ്പിച്ചു. എക്സൈസ് നടത്തിയ റെയ്ഡില്‍ 30 കുപ്പികളിലായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. മുട്ടക്കാവ് ഒട്ടിലഴികം സാബിദാ മന്‍സിലില്‍ സക്കരിയയുടെ വീട്ടില്‍നിന്നാണ് മദ്യം പിടിച്ചെടുത്തത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ഇവിടെ മദ്യം സൂക്ഷിച്ച് വില്‍പന നടത്തുന്നതായി ചാത്തന്നൂര്‍ എക്സൈസിന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ സാബു ഫ്രാന്‍സിസിന്‍െറ നേതൃത്വത്തിലുള്ള സംഘം സക്കരിയയുടെ വീട്ടില്‍ റെയ്ഡിനായി എത്തുകയായിരുന്നു. എക്സൈസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപെട്ടപ്പോഴാണ് ഭാര്യ അനീസ വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ എക്സൈസ് സംഘത്തിനു മുന്നില്‍വെച്ച് ശരീരത്തിലേക്ക് ഒഴിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. സംഘത്തിലുണ്ടായിരുന്ന വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ സൂര്യ ഇവരുടെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. സക്കരിയാക്കെതിരെ ചാത്തന്നൂര്‍ എക്സൈസ് കേസെടുത്തു. അനീസക്കെതിരെ ആത്മഹത്യശ്രമത്തിന് കേസെടുക്കാന്‍ ചാത്തന്നൂര്‍ പൊലീസില്‍ എക്സൈസ് പരാതി നല്‍കുകയും ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ സാബു ഫ്രാന്‍സിസ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ ദിനേശ്, ഷഹാലുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജോണ്‍ നഹാസ്, നിജോമോന്‍, വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.