പൂയപ്പള്ളി ഓട്ടുമലയില്‍ അനധികൃത പാറഖനനം; പ്രദേശവാസികള്‍ ദുരിതത്തില്‍

വെളിയം: പൂയപ്പള്ളി പഞ്ചായത്തിലെ ഓട്ടുമലയില്‍ അനധികൃത പാറഖനനം മൂലം പ്രദേശവാസികള്‍ ബുദ്ധിമുട്ടില്‍. ഓട്ടുമലക്ക് സമീപം നിരവധി വീടുകളാണുള്ളത്. രാത്രിയും പകലും ഇടതടവില്ലാതെ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് ഖനനം. ക്വാറികളില്‍ നിന്ന് തെറിച്ച് വീഴുന്ന പാറക്കഷ്ണം സമീപത്തെ കെ.ഐ.പി കനാല്‍ ഭിത്തികളില്‍ വീണ് കനാല്‍ ചോര്‍ച്ചക്ക് ഇടയായിട്ടുണ്ട്. സമീപത്തെ വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയ നിലയിലാണ്. ദിവസവും 500 ടിപ്പര്‍ലോറികളാണ് ലോഡുമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നത്. പ്രദേശത്ത് ഇപ്പോള്‍ കര്‍ഷകര്‍ കൃഷിചെയ്യാറില്ല. റബര്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. റബര്‍പാല്‍ എടുക്കാന്‍ വരുന്ന തൊഴിലാളികളുടെ മുന്നില്‍ പാറക്കഷണം തെറിച്ചുവീഴുന്നതും പതിവാണ്. വന്‍ ശബ്ദം മൂലം വിദ്യാര്‍ഥികള്‍ക്ക് സൈ്വരമായി പഠിക്കാന്‍ സാധിക്കുന്നില്ല. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. സമീപപഞ്ചായത്തായ വെളിയം കുടവട്ടൂരില്‍ 160 അനധികൃത ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 2013ല്‍ കലക്ടര്‍ ക്വാറികള്‍ സന്ദര്‍ശിച്ചിരുന്നു. പ്രഥമദൃഷ്ട്യാതന്നെ അനധികൃതമാണെന്ന് കണ്ടത്തെിയിരുന്നു. ചില ക്വാറികള്‍ക്ക് സ്റ്റോപ്മെമ്മോ നല്‍കിയെങ്കിലും റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പാറഖനനം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. 400 അടി താഴ്ചയിലാണ് ഇപ്പോള്‍ പാറഖനനം നടക്കുന്നത്. 30 അടി താഴ്ചയില്‍ മാത്രമേ ലൈസന്‍സുള്ള ക്വാറികളില്‍ ഖനനം നടത്താന്‍ നിയമമുള്ളൂ. ഇത് കാറ്റില്‍പറത്തിയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ കോളനിയിലെ 300ലധികം ആള്‍ക്കാരാണ് ക്വാറിക്ക് സമീപം ദുരിതംപേറി കഴിയുന്നത്. താഴ്ചയുള്ള ക്വാറികളില്‍ നിന്ന് വെള്ളം രണ്ടും മൂന്നും മോട്ടോറുകള്‍ ഉപയോഗിച്ച് ഓടനാവട്ടം-നെടുമണ്‍കാവ് റോഡിലേക്ക് പൈപ്പുകള്‍ വഴിയാണ് ഒഴുക്കിവിടുന്നത്. ദിവസവും വെള്ളം ഇത്തരത്തില്‍ ഒഴുക്കിവിടുന്നതോടെ ആറുമാസം മുമ്പ് അഞ്ച് കോടി രൂപ മുടക്കി പണിതറോഡ് തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പൂയപ്പള്ളി, വെളിയം പഞ്ചായത്തുകളിലെ അനധികൃത ക്വാറികളിലെ ഖനനം നിര്‍ത്തിവെക്കാന്‍ റവന്യൂ-പൊലീസ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.