കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കി

പത്തനാപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു. പത്തനാപുരം ഡിപ്പോയില്‍ എ.ടി.ഒയെ തടഞ്ഞു വെക്കുകയും സമരം നടത്തുകയും ചെയ്ത തൊഴിലാളികള്‍ ഉച്ചയോടെ ഡിപ്പോയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമാക്കി. മറ്റ് ഡിപ്പോകളില്‍നിന്ന് എത്തിയ ദീര്‍ഘദൂര സര്‍വിസുകളെ ഡിപ്പോയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗം തൊഴിലാളികള്‍ എന്നിവരാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ രാവിലെ മുതല്‍ പത്തനാപുരം എ.ടി.ഒ ജയകുമാറിനെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ടു. ഓഫിസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു. രാവിലെ ആരംഭിച്ച പ്രതിഷേധ പരിപാടി ഉച്ചയോടെ സമാപിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. പുനലൂര്‍, കൊട്ടാരക്കര, പത്തനംതിട്ട, അടൂര്‍ സ്റ്റാന്‍ഡുകളില്‍നിന്നും എത്തിയ ദീര്‍ഘദൂര ബസുകളൊന്നും സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ഡിപ്പോയുടെ പ്രവേശകവാടത്തിലിരുന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി. ദൂരസ്ഥലങ്ങളിലേക്ക് പോകാനുള്ളവര്‍ എറെ ദുരിതത്തിലായി. പലരും സ്വകാര്യവാഹനങ്ങളുടെയും ടാക്സികളുടെയും സഹായത്തോടെ മറ്റ് ഡിപ്പോകളിലേക്ക് പോയി. രണ്ട് മണിക്കൂറിലധികം നീണ്ട സമരം ഒടുവില്‍ പൊലീസുകാരും നേതാക്കളും തമ്മിലെ ചര്‍ച്ചയിലൂടെ അവസാനിപ്പിച്ചു. നേതാക്കളായ ആര്‍.ജി. ശ്രീകുമാര്‍, ഗീരിഷ്, ആര്‍. അജി, ആര്‍. രതീഷ്, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ രണ്ടു ദിവസമായി ഡി.ടി.ഒ ഓഫിസിന് മുന്നില്‍ നടത്തുന്ന ഉപരോധ സമരം കൊട്ടാരക്കര ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ബി.എം.എസ്, ഐ.എന്‍.ടി.യു.സി സംഘടനകളാണ് സമരത്തിലുള്ളത്. ഡി.ടി.ഒ ഓഫിസ് പൂട്ടിയ പ്രവര്‍ത്തകര്‍ ഡിപ്പോയുടെ മുന്നില്‍ നിരാഹാര സത്യഗ്രഹവും ആരംഭിച്ചു. മിക്ക സര്‍വിസുകളെയും സമരം ബാധിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമുള്ള ബംഗളൂരു, കോയമ്പത്തൂര്‍ സര്‍വിസുകളും ചില സ്റ്റേബസുകളും മുടങ്ങി. കഴിഞ്ഞ ദിവസം എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നു. സമരം നടത്തിയിട്ടും കൊല്ലം ജില്ലയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചില്ല. ഇതിനത്തെുടര്‍ന്നാണ് ഡി.ടി.ഒ ഓഫിസ് പൂട്ടിയുള്ള സമരത്തിന് തൊഴിലാളികള്‍ തയാറായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.