തേവലക്കര: നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയത്തെുന്ന തേവലക്കര പ്രാഥമികാരോഗ്യകേന്ദ്രം ശാപമോക്ഷം കൊതിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പ്രവര്‍ത്തനം തുടങ്ങിയിട്ട് അരനൂറ്റാണ്ടായിട്ടും ഇന്നും ബാലാരിഷ്ടതകള്‍ക്ക് നടുവിലാണ് ഈ ആതുരകേന്ദ്രം. ദിനംപ്രതി ഇരുന്നൂറോളം രോഗികളത്തെുന്ന ആശുപത്രിയില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യം. ഒരു ഡോക്ടറെക്കൂടി നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് നിരവധി തവണ നിവേദനം നല്‍കിയിട്ടും നടപടിയില്ല. സ്റ്റാഫ് നഴ്സിന്‍െറ കുറവ് നാലുവര്‍ഷമായി നിലനില്‍ക്കുന്നു. ഫാര്‍മസിസ്റ്റില്ലാതായിട്ട് മാസം മൂന്നാകുന്നു. ആകെ 24 ജീവനക്കാരുണ്ടെങ്കിലും 18 പേരും ഫീല്‍ഡ്സ്റ്റാഫാണ്. ബാക്കിയുള്ള ജീവനക്കാര്‍ വേണം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കാന്‍. പ്രാഥമികാരോഗ്യകേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാക്കി ഉയര്‍ത്താനുള്ള ഭൗതിക സാഹചര്യങ്ങള്‍ എല്ലാമുണ്ടായിരുന്നെങ്കിലും കാലാകാലങ്ങളില്‍ വന്ന അധികാരവര്‍ഗം പല കാരണങ്ങളുണ്ടാക്കി അതെല്ലാം തട്ടിത്തെറിപ്പിച്ചു. ഒരേക്കറിലധികം വസ്തു ഉണ്ടായിരുന്ന ആശുപത്രിക്ക് ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ തുടങ്ങാന്‍ വസ്തു വിട്ടുനല്‍കേണ്ടിയും വന്നു. ഇതുകൂടാതെ, വാട്ടര്‍ അതോറിറ്റി കുഴല്‍ക്കിണര്‍ സ്ഥാപിച്ചു. 54000ഓളം ജനങ്ങള്‍ അധിവസിക്കുന്ന തേവലക്കരയില്‍ മെച്ചപ്പെട്ട ചികിത്സ തേടാന്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി, നീണ്ടകര താലൂക്കാശുപത്രികളെയാണ് ഇന്നും ജനം ആശ്രയിക്കുന്നത്. പതിനേഴായിരത്തോളം ജനങ്ങളുള്ള തെക്കുംഭാഗത്തുപോലും നാല് ഡോക്ടറുടെ സേവനമുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ഉള്ളപ്പോഴാണ് ഈ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.