വെളിനല്ലൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു

ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നുവെന്ന് ഓയൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് കെ. ശശി പറഞ്ഞു. ഓയൂര്‍ കൊക്കാട് സ്വദേശി മനോഹരന്‍, പയ്യക്കോട് സ്വദേശി ജയിംസ്, ഓയൂര്‍ സ്വദേശികളായ രണ്ടുപേര്‍ എന്നിവര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. മഴ ശക്തമായതോടെ പഞ്ചായത്തിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തുന്നത് വൈകുന്നതായി ആക്ഷേപമുണ്ട്. ഓയൂര്‍ സി.എച്ച് സെന്‍ററില്‍ രണ്ട് ദിവസത്തിനകം പനി ബാധിച്ചവരുടെ എണ്ണം 40 ആയി വര്‍ധിച്ചു. ഒ.പിയില്‍ എത്തുന്ന രോഗികളുടെ എണ്ണം 300 കടന്നു. കിടത്തിചികിത്സയില്‍ 18 പേരാണ് ഉള്ളത്. മഴസമയത്തും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ആശുപത്രിയായതിനാലാണ് കിടത്തിചികിത്സക്ക് രോഗികള്‍ കുറയാന്‍ കാരണം. രോഗികളുടെ എണ്ണം കൂടിയിട്ടും ഡോക്ടര്‍ ഉച്ചവരെ മാത്രമേ പരിശോധിക്കുന്നുള്ളൂവെന്ന പരാതിയും ഉണ്ട്. പഞ്ചായത്തിലെ ഓരോ വാര്‍ഡിലും ആരോഗ്യവകുപ്പ് അധികൃതര്‍ ബോധവത്കരണ ലഘുലേഖകളും മരുന്നുകളും നല്‍കുന്നത് വൈകുന്നു. വിവിധ പ്രദേശങ്ങളില്‍ പ്ളാസ്റ്റിക് മാലിന്യം അടക്കം കുമിഞ്ഞുകൂടിയിരിക്കുകയാണ്. കടകളിലെ മാലിന്യം റോഡിന്‍െറ വശങ്ങളില്‍ തള്ളുന്നത് പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കും. വെളിനല്ലൂര്‍ പഞ്ചായത്തിലെ ചിലപ്രദേശങ്ങള്‍ ഇപ്പോഴും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലും കോളനികളിലും ലോറി വെള്ളമാണ് പ്രദേശവാസികള്‍ക്ക് നല്‍കുന്നത്. എന്നാല്‍, ആരോഗ്യവകുപ്പിന്‍െറ പരിശോധന കൂടാതെയും വെള്ളത്തിന്‍െറ ഗുണനിലവാരം നോക്കാതെയും കുടിവെള്ളം നല്‍കുന്നതിലൂടെ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.