മഴ: കിഴക്കന്‍ മേഖലയില്‍ 14200ഓളം വാഴകള്‍ നശിച്ചു

ഓയൂര്‍: കിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ മഴയില്‍ 14200ഓളം വാഴകളും 10 ഹെക്ടറോളം പച്ചക്കറികളും ഹെക്ടര്‍ കണക്കിന് മരച്ചീനിയും നശിച്ചു. വെളിയം, കരീപ്ര, വെളിനല്ലൂര്‍, പൂയപ്പള്ളി പഞ്ചായത്തുകളിലെ 600ഓളം കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. വെളിയത്ത് 2500ഓളം കുലച്ച വാഴകളും1700 കുലക്കാത്ത വാഴകളും നശിച്ചു. റബര്‍മരങ്ങളും പച്ചക്കറികളും മരച്ചീനിയും കാറ്റില്‍ നശിച്ചു. 2015ല്‍ പ്രകൃതിക്ഷോഭത്തിലുണ്ടായ കൃഷിനാശത്തില്‍ 88 കര്‍ഷകരുടെ വിളകള്‍ നശിച്ചിരുന്നു. ഇവര്‍ക്കുള്ള ആനുകൂല്യം സര്‍ക്കാര്‍ ഇതുവരെ ബാങ്കുകള്‍ വഴി നല്‍കിയിട്ടില്ല. പഞ്ചായത്തില്‍ രണ്ടുലക്ഷം രൂപയോളം തുക നഷ്ടപരിഹാരമായി കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് വെളിയം പഞ്ചായത്ത് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു. വെളിയം പടിഞ്ഞാറ്റിന്‍കര, ഓടനാവട്ടം, ചെന്നാപ്പാറ, ചെപ്ര, കട്ടയില്‍, കളപ്പില, തുറവൂര്‍, മുട്ടറ, വട്ടമണ്‍തറ, ചെറുകരക്കോണം എന്നിവിടങ്ങളിലെ കൃഷിയാണ് നശിച്ചത്. കരീപ്രയില്‍ 350 കര്‍ഷകരുടെ 5000ത്തോളം വാഴകള്‍ നശിച്ചു. ഒരു ഹെക്ടര്‍ പച്ചക്കറിയും രണ്ട് ഹെക്ടര്‍ മരച്ചീനിയും റബര്‍ 30 എണ്ണവും ശക്തമായ മഴയില്‍ നശിച്ചു. ഉളകോട്, ഇടയ്ക്കിടം, ചൊവ്വള്ളൂര്‍, മടന്തകോട്, വാക്കനാട് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളാണ് പൂര്‍ണമായും ഇല്ലാതായത്. കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിക്ഷോഭത്തില്‍ നിരവധി കര്‍ഷകര്‍ക്കായി 50,000 രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. വെളിനല്ലൂരില്‍ 60 കര്‍ഷകരുടേതായി രണ്ടായിരത്തോളം വാഴകളാണ് നശിച്ചത്. വട്ടപ്പാറ, കരിങ്ങന്നൂര്‍, ആറ്റൂര്‍ക്കോണം, ഓയൂര്‍, കാളവയല്‍, ഓര്‍ക്കോട്, ചെറിയവെളിനല്ലൂര്‍, ചെങ്കൂര്‍ പ്രദേശങ്ങളിലെ കാര്‍ഷികവിളകളാണ് പ്രകൃതിക്ഷോഭത്താല്‍ നശിച്ചത്. ഇവിടെ കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിക്ഷോഭത്തില്‍ 20 കര്‍ഷകര്‍ക്കായി 30,000 രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. കുലച്ച ഒരു വാഴക്ക് 100 രൂപയും കുലക്കാത്തവക്ക് 75 രൂപയും ഒരു റബര്‍മരത്തിന് 300 രൂപ നിരക്കിലുമാണ് സര്‍ക്കാര്‍ ആനുകൂല്യം കര്‍ഷകര്‍ക്കായി നല്‍കുന്നത്. എന്നാല്‍, 2015ലെ പ്രകൃതിക്ഷോഭത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ മഴയിലും വേനലിലും നിരവധി കൃഷിയിടങ്ങള്‍ നശിച്ചിരുന്നു. കലക്ടറുടെ പരിധിയിലെ പദ്ധതിയായ സംസ്ഥാന ദുരിതനിവാരണ ഫണ്ടില്‍നിന്ന് 49,94,793 രൂപയും സര്‍ക്കാറില്‍നിന്ന് 29,83,882 രൂപയും കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ചര്‍ ഓഫിസര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.