ഇരവിപുരത്തും കാലിടറി ആര്‍.എസ്.പി

ഇരവിപുരം: ആദ്യമായി സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച് ഇരവിപുരത്ത് സി.പി.എം മിന്നും വിജയം സ്വന്തമാക്കി. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിനെ 28803 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ എം. നൗഷാദ് പരാജയപ്പെടുത്തിയത്. 1960ന് ശേഷം ആദ്യമായാണ് മണ്ഡലം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമാകുന്നത്. 1991ല്‍ മുസ്ലിംലീഗിലെ പി.കെ.കെ. ബാവ ജയിച്ചതൊഴിച്ചാല്‍ 1967 മുതല്‍ ആര്‍.എസ്.പി കുത്തകയാക്കിവെച്ചിരുന്ന മണ്ഡലമാണ് ഇരവിപുരം. ആര്‍.എസ്.പിയുടെ മുന്നണി മാറ്റത്തോടെ ശ്രദ്ധേയമായ ഇരവിപുരം അവരെ കൈവിട്ടിരിക്കയാണ്. കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടന്നതാണ് യു.ഡി എഫിന് കനത്ത തിരിച്ചടിക്ക് കാരണമായത്. മയ്യനാട് പഞ്ചായത്തിലുള്ള കെ.പി.സി.സി സെക്രട്ടറിയുടെയും ഐ.എന്‍.ടി.യു.സി നേതാവിന്‍െറയും ഡി.സി.സി വൈസ് പ്രസിഡന്‍റിന്‍െറയും വാര്‍ഡുകളില്‍ യു.ഡി.എഫിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. സ്ഥിരമായി മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്ന ഇരവിപുരം ആര്‍.എസ്.പിയുടെ മുന്നണി മാറ്റത്തോടെ അവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലീഗിന്‍െറയും യു.ഡി.എഫിന്‍െറയും ഉന്നത നേതാക്കള്‍ ഇടപെട്ട് പ്രതിഷേധം ഇല്ലാതാക്കിയെങ്കിലും ലീഗ് കോട്ടകളില്‍ കാര്യമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച എന്‍.കെ. പ്രേമചന്ദ്രന് ഇരവിപുരം മണ്ഡലത്തില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍പെട്ട മയ്യനാട് പഞ്ചായത്തിലും കൊല്ലം കോര്‍പറേഷനിലെ ഡിവിഷനുകളിലും കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഇടതുമുന്നണി ഭരിക്കുന്ന മയ്യനാട് പഞ്ചായത്തും കൊല്ലം കോര്‍പറേഷനിലെ 22 ഡിവിഷനുകളുമാണ് മണ്ഡലത്തിലുള്ളത്. മയ്യനാട് പഞ്ചായത്തിലും കോര്‍പറേഷന്‍െറ മിക്ക ഡിവിഷനുകളിലും നൗഷാദിനായിരുന്നു ഭൂരിപക്ഷം. കൊല്ലം കോര്‍പറേഷനിലെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കൈയാലക്കല്‍ വാര്‍ഡിലെ കൗണ്‍സിലറുമാണ് നൗഷാദ്. വടക്കേവിള ഗ്രാമപഞ്ചായത്ത് അംഗം, മണക്കാട്, അയത്തില്‍ ഡിവിഷനുകളിലെ കൗണ്‍സിലര്‍, ഡെപ്യൂട്ടി മേയര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ്-ബി.ജെ.പി സഖ്യം മണ്ഡലത്തില്‍ പ്രവര്‍ത്തനരംഗത്ത് സജീവമായതിനാല്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ എല്‍.ഡി.എഫിനൊപ്പം നിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.