കൊല്ലം: വോട്ടെടുപ്പ് തുടങ്ങുംമുമ്പേ പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്. ഞായറാഴ്ച മുതല്‍ പോളിങ് ബൂത്തുകള്‍ പൊലീസിന്‍െറ നിരീക്ഷണത്തിലാണ്. അക്രമസംഭവങ്ങളൊഴിവാക്കി സമാധാനപരവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 40 മേഖലകളിലായി 96 പ്രശ്നബാധിത ബൂത്തുകളും 100 മേഖലകളിലായി 210 പ്രശ്നസാധ്യതാ ബൂത്തുകളുമാണ് ഉള്ളത്. 3800ഓളം പൊലീസ് ഉദ്യോഗസ്ഥരും 900ഓളം കേന്ദ്ര സേനാംഗങ്ങളുമാണ് സുരക്ഷയൊരുക്കാന്‍ രംഗത്തുള്ളത്. സിറ്റി പൊലീസ് ജില്ലയില്‍ നാലുകമ്പനി കേന്ദ്രസേനയടക്കം 1600 ഉദ്യോഗസ്ഥരുണ്ട്. 11 ഡിവൈ.എസ്.പിമാരും 17സി.ഐമാരുമാണ് നേതൃത്വം നല്‍കുക. പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൂത്തുകളിലും പരിസരങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് കമീഷണര്‍ ഓഫിസിലും കലക്ടറേറ്റിലും സ്ഥാപിച്ചിരിക്കുന്ന മോണിട്ടറുകളിലൂടെ നിരീക്ഷിക്കും. പ്രശ്നസാധ്യതാബൂത്തുകള്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വെബ്കാം നിരീക്ഷണത്തിലാകും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കലക്ടറേറ്റിലെ ആര്‍.ഡി.ഒ കോടതി ഹാളിലാണ് കണ്‍ട്രോള്‍ റൂം. അക്ഷയകേന്ദ്രങ്ങള്‍ക്കാണ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ചെയ്യാനുള്ള ചുമതല. ലാപ്ടോപ്പും വെബ് കാമറയും യു.പി.എസും അടക്കമുള്ള സജ്ജീകരണങ്ങളാണ് ബൂത്തുകളില്‍ ക്രമീകരിക്കുക. ഒരു ബൂത്തില്‍ ഒരാളെ വീതം ചുമതലപ്പെടുത്തിയിട്ടുണ്ട്. വെബ്കാം വഴി ബൂത്തുകളിലെ തത്സമയദൃശ്യങ്ങള്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ദൃശ്യങ്ങള്‍ നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും 10 ലാപ്ടോപ്പുകളുമായി ഇവിടെ പോളിങ് തീരുന്നതുവരെ ആളുണ്ടാവും. ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലും ലഭ്യമാകും. ഐ.ടി മിഷന്‍െറ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ബി.എസ്.എന്‍.എല്ലും പി.ഡബ്ള്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗവും കെ.എസ്.ഇ.ബിയും ചേര്‍ന്നാണ് ഇതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രശ്നസാധ്യതാബൂത്തുകളില്‍ നിരീക്ഷണത്തിന് 15 മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.