തകര്‍ന്ന കുഴല്‍കിണറിനുപകരം പുതിയതിന്‍െറ നിര്‍മാണം ആരംഭിച്ചു

കൊട്ടിയം: പണം അനുവദിച്ചിട്ടും കുഴല്‍കിണര്‍ നിര്‍മിക്കുന്നില്ളെന്ന ‘മാധ്യമം’ വാര്‍ത്ത നാട്ടുകാര്‍ക്ക് തുണയായി. തകര്‍ന്ന കുഴല്‍കിണറിന് പകരം പുതിയതിന്‍െറ നിര്‍മാണം ആരംഭിച്ചു. തഴുത്തല നീരൊഴുക്ക് പമ്പ്ഹൗസിന് വേണ്ടിയാണ് പുതിയ കുഴല്‍കിണര്‍ നിര്‍മാണം ആരംഭിച്ചിട്ടുള്ളത്. നീരൊഴുക്ക് പമ്പ്ഹൗസിനായി പുതിയ കിണര്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ളെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തക്കാണ് ഇപ്പോള്‍ ഫലം കണ്ടിട്ടുള്ളത്. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കണ്ണനല്ലൂര്‍, സൗത്, ടൗണ്‍, തഴുത്തല പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിച്ചിരുന്നത് നീരൊഴുക്ക് പമ്പ്ഹൗസില്‍ നിന്നായിരുന്നു. ഈ പമ്പ്ഹൗസ് കഴിഞ്ഞ ആറുമാസത്തിലധികമായി കിണര്‍ തകരാറിലായതിനെതുടര്‍ന്ന് അടഞ്ഞുകിടക്കുകയാണ്. ഏതാനും മാസം മുമ്പ് തൃക്കോവില്‍വട്ടം സ്മാര്‍ട്ട് വില്ളേജ് ഓഫിസ് ഉദ്ഘാടനത്തിനത്തെിയ മന്ത്രി അടൂര്‍ പ്രകാശിന് നാട്ടുകാര്‍ നിവേദനം നല്‍കിയതിനെതുടര്‍ന്ന് പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തില്‍പെടുത്തി പുതിയ കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് പണം അനുവദിക്കാന്‍ വേദിയിലുണ്ടായിരുന്ന അന്നത്തെ കലക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കുകയുണ്ടായി. തുടര്‍ന്ന് കലക്ടര്‍ പ്രശ്നത്തില്‍ ഇടപെടുകയും ജല അതോറിറ്റി അധികൃതരെ കൊണ്ട് പുതിയ കുഴല്‍കിണറിനായി എസ്റ്റിമേറ്റ് എടുപ്പിക്കുകയും എസ്റ്റിമേറ്റ് തുക അഞ്ചുലക്ഷത്തില്‍ അധികമായതിനാല്‍ ഫയല്‍ ഭരണാനുമതിക്കായി സര്‍ക്കാറിലേക്ക് അയക്കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ നീരൊഴുക്ക് പമ്പ്ഹൗസില്‍ പുതിയ കുഴല്‍കിണര്‍ കുഴിക്കുന്നതിന് 7,14,000 രൂപ അനുവദിക്കുകയും ചെയ്തു. തുക അനുവദിച്ച് രണ്ടുമാസമായിട്ടും ജലഅതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. ജില്ലാ ഭരണകൂടം ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ടെന്‍ഡര്‍ നടപടി ഊര്‍ജിതപ്പെടുത്തുകയും പുതിയ കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ നല്‍കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് കരാറുകാര്‍ കുഴല്‍കിണര്‍ നിര്‍മാണം ആരംഭിച്ചിട്ടുള്ളത്. നിലവില്‍ പമ്പ്ഹൗസും കിണറും നിന്നിരുന്ന സ്ഥലം സ്വകാര്യവ്യക്തിയുടേതാണെന്ന പരാതി നിലനിന്നതിനാല്‍ നാട്ടുകാരും ഗ്രാമപഞ്ചായത്ത് അംഗവും പൊതുപ്രവര്‍ത്തകരും പ്രശ്നത്തില്‍ ഇടപെട്ടാണ് പുതിയ കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് നിലവിലെ പമ്പ്ഹൗസിന് സമീപത്തെ റോഡിന് എതിര്‍വശത്തായി പുതിയ സ്ഥലം കണ്ടത്തെുകയും അവിടെ കിണറിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുള്ളത്. പമ്പ്ഹൗസിന്‍െറ സ്ഥലം സംബന്ധിച്ച് നിലവില്‍ കേസുള്ളതിനാല്‍ പ്രശ്നം പരിഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്തംഗത്തിന്‍െറയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിവരുകയാണ്. 10 ദിവസത്തിനകം പൂര്‍ത്തിയാക്കത്തക്ക രീതിയിലാണ് കുഴല്‍കിണര്‍ നിര്‍മാണം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.