ക്വാര്‍ട്ടേഴ്സുകള്‍ ചോര്‍ന്നൊലിക്കുന്നു; ഇവിടെ താമസം ‘കുടക്കീഴില്‍’

പത്തനാപുരം: സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍െറ ക്വാര്‍ട്ടേഴ്സുകള്‍ പലതും തകര്‍ച്ചയില്‍. അറ്റകുറ്റപ്പണികള്‍ നടത്താനോ സംരക്ഷിക്കാനോ എസ്.എഫ്.സി.കെ തയാറാകുന്നില്ളെന്ന് ആക്ഷേപം. എസ്റ്റേറ്റുകളിലെ തൊഴിലാളികളും ഉദ്യോഗസ്ഥരും താമസിക്കുന്ന കെട്ടിടങ്ങള്‍ പലതും ചോര്‍ന്നൊലിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് എസ്റ്റേറ്റിലെ ജോലിക്കായി മറ്റ് ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും തൊഴിലാളികള്‍ വന്നുതുടങ്ങിയപ്പോഴാണ് ഫാമിങ് കോര്‍പറേഷന്‍ തന്നെ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തിനും കലക്ഷന്‍ സെന്‍ററിനും സമീപത്തായാണ് കെട്ടിടങ്ങളുള്ളത്. ആസ്ബസ്റ്റോസ് ഷീറ്റും കോണ്‍ക്രീറ്റും കൊണ്ട് നിര്‍മിച്ചതാണ് മിക്കതും. കുമരംകുടി, മുള്ളുമല, ചെമ്പനരുവി എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് കൂടുതലും തകര്‍ച്ചയിലായത്. മിക്ക കെട്ടിടങ്ങളുടെയും തകര്‍ച്ച കാരണം മഴവെള്ളം പൂര്‍ണമായും വീട്ടിനുള്ളില്‍ കയറും. ആഹാരം കഴിക്കാനും കുട്ടികളുടെ പഠനത്തിനുമെല്ലാം വീട്ടിനുള്ളില്‍ കുട പിടിക്കേണ്ട ഗതികേടിലാണ് താമസക്കാര്‍. വെള്ളം വീഴുന്നതുകാരണം ഭിത്തികളെല്ലാം നനഞ്ഞ് വിള്ളല്‍ വീണിരിക്കുകയാണ്. നിര്‍മാണപ്രവൃത്തികള്‍ക്കുശേഷം ഇതുവരെ അറ്റകുറ്റപ്പണി ഒന്നും നടന്നിട്ടില്ല എന്നതാണ് സത്യാവസ്ഥ. നിരവധി തവണ കെട്ടിടം നവീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം അമ്പനാര്‍ നടന്ന അയല്‍സഭയില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.