തീരശുചിത്വവും സുരക്ഷയും ഉറപ്പാക്കാന്‍ പദ്ധതി –മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊല്ലം: തീരദേശത്തെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാന്‍ ശാസ്ത്രീയവും സമയബന്ധിതവുമായ കര്‍മപദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശുചീകരണപ്രവൃത്തികള്‍ ഏകീകരിക്കാനും അവലോകനം നടത്താനും മേയര്‍, കലക്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് ചീഫ് എന്‍ജിനീയര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതി രൂപവത്കരിച്ചു. ഓരോ 25 വീടുകളും ഓരോ ഗ്രൂപ്പായി തിരിച്ച് ഗാര്‍ഹിക മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനത്തിനാണ് പ്രഥമ പരിഗണന. പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍ കഴുകി വീട്ടില്‍ സൂക്ഷിച്ചിരുന്നാല്‍ ഈ പ്ളാസ്റ്റിക്കുകള്‍ ഓരോമാസവും ശേഖരിച്ച് പുനരുപയോഗത്തിനായി നല്‍കും. അഷ്ടമുടിക്കായലിലേക്ക് അറവുശാലയിലെ മാലിന്യങ്ങള്‍ തള്ളുന്ന രീതി അവസാനിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനായി കൊല്ലം താലൂക്ക് കേന്ദ്രീകരിച്ച് കേന്ദ്രീകൃത ഹൈടെക് സ്ളോട്ടറിങ് പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ഹാര്‍ബറിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ചുറ്റുമതില്‍ സ്ഥാപിക്കും. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി ലോക്കറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി. രാജേന്ദ്രബാബു, കലക്ടര്‍ എ. ഷൈനാമോള്‍, സിറ്റി പൊലീസ് കമീഷണര്‍ സതീഷ് ബിനോ, എ.ഡി.എം പി.എസ്. സ്വര്‍ണമ്മ, ഹാര്‍ബര്‍ എന്‍ജിനീയറിങ് ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ് കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സന്നദ്ധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.