സ്കൂളുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണം –കെ. ജഗദമ്മ

കൊല്ലം: ജില്ലാ പഞ്ചായത്തിന്‍െറ നിയന്ത്രണത്തിലെ എല്ലാ സ്കൂളുകളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ എക്സി. എന്‍ജിനീയര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ നിര്‍ദേശം നല്‍കി. കൃത്യമായി പരിശോധന നടത്തി ഫിറ്റ്നസ് നല്‍കാന്‍ കഴിയുന്ന കെട്ടിടങ്ങള്‍ക്കേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഫിറ്റ്നസ് ഇല്ലാത്ത എല്ലാ സ്കൂളുകളുടെയും വാല്വേഷന്‍വര്‍ക്ക് പൂര്‍ത്തിയാക്കി അവ പൊളിച്ചു മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ജഗദമ്മ അറിയിച്ചു. ഒരു കാരണവശാലും ആരുടെയും സമ്മര്‍ദത്തിന് വഴങ്ങി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നിര്‍വഹിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്ന കെട്ടിടങ്ങളുടെ പ്രത്യേക ലിസ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടങ്ങളുടെ പണി പൂര്‍ത്തീകരിക്കാനാണ് ജില്ലാ പഞ്ചായത്തിന്‍െറ ലക്ഷ്യം. പേരൂര്‍ മീനാക്ഷിവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സന്ദര്‍ശിച്ച് വിവിധ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിശോധിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ ജൂലിയറ്റ് നെത്സണ്‍, വി. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. അനില്‍കുമാര്‍, സ്കൂള്‍ പ്രധാനാധ്യാപകന്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.