കൊല്ലം റെയില്‍വേ സ്റ്റേഷന്‍: രണ്ടാം ടെര്‍മിനലിന്‍െറ ഒന്നാംഘട്ടം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്‍ രണ്ടാം ടെര്‍മിനലിന്‍െറ ഒന്നാം ഘട്ടം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു. ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് നടത്തിയ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയിലൂടെ 2017 ജനുവരിയില്‍ ട്രെയിന്‍ സര്‍വിസ് ആരംഭിക്കും. ഈവര്‍ഷം അവസാനത്തോടെ കൊല്ലം-ചെങ്കോട്ട പാതയുടെ ഗേജ്മാറ്റ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേല്‍പാലം, പ്രവേശകവാടം, പാര്‍ക്കിങ് ഏരിയ, സര്‍ക്കുലേറ്റിങ് ഏരിയ, ബുക്കിങ് ഓഫിസ് എന്നിവയാണ് ഒന്നാംഘട്ട പ്രവൃത്തിയായി ഏറ്റെടുത്തിട്ടുള്ളത്. ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാലുടന്‍ സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളും സ്ഥാപിക്കുന്നതിനുള്ള നിര്‍മാണം ആരംഭിക്കും. സ്റ്റേഷന്‍ നവീകരണത്തിന്‍െറ ഭാഗമായി റിട്ടയറിങ് റൂം, ക്ളോക് റൂം, ഐ.വി.ആര്‍.എസ്, റിഫ്രഷ്മെന്‍റ് റൂം, വാട്ടര്‍ കൂളര്‍, മോഡുലാര്‍ കാറ്ററിങ് സ്റ്റാള്‍, യു.ടി.എസ് സൗകര്യം, കുളിമുറികളോടുകൂടിയ കാത്തിരിപ്പ് കേന്ദ്രം, ട്രെയിന്‍ കോച്ച് ഇന്‍ഡിക്കേറ്റിങ് സിസ്റ്റം, പ്രീ പെയ്ഡ് ടാക്സി സര്‍വിസ്, സ്റ്റാറ്റിക് മൊബൈല്‍ ചാര്‍ജിങ് ഫെസിലിറ്റി, കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പി.എ. സിസ്റ്റം മുതലായവയുടെ പണിയും 2017 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു. കുണ്ടറ റെയില്‍വേ സ്റ്റേഷനില്‍ മേല്‍പാലം ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളുടെ നിര്‍മാണത്തിനായി രണ്ടുകോടിയുടെ ഭരണാനുമതി നല്‍കി. പെരിനാട് റെയില്‍വേ സ്റ്റേഷനില്‍ അടിപ്പാത നിര്‍മാണത്തിനായി നാലു കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ഏറ്റെടുത്തത്. മയ്യനാട് സ്റ്റേഷനിലെ രണ്ടാം പ്ളാറ്റ്ഫോം നീളം കൂട്ടി ഉയരം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കി. രാവിലെ ഒമ്പതിനും പത്തിനും ഇടക്ക് കൊല്ലത്ത് എത്തിച്ചേരുന്ന വിധം തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ വേണമെന്ന ആവശ്യം പരിഗണിച്ച് ജയന്തി ജനത എക്സ്പ്രസ് രാവിലെ 9.45ന് കൊല്ലത്ത് എത്തിച്ചേരുന്ന വിധം സമയം പുന$ക്രമീകരിക്കുമെന്നും ഉറപ്പു നല്‍കി. ഒന്നാം റീച്ചില്‍പെട്ട പുനലൂര്‍ ഇടമണ്‍ മേഖലയിലെ പാലങ്ങളും ട്രാക്കുകളും പൂര്‍ത്തിയാക്കി. പുനലൂര്‍ അടിപ്പാതയുടെ അപ്രോച്ച്റോഡിന്‍െറ പണിമാത്രമാണ് ഈ റീച്ചില്‍ അവശേഷിച്ചിരിക്കുന്നത്. രണ്ടാം റീച്ചില്‍പെട്ട ഇടമണ്‍ കഴുതുരുട്ടി 80 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 67 ചെറുപാലങ്ങളില്‍ 56 എണ്ണവും 12 വന്‍പാലങ്ങളില്‍ അഞ്ച് ആര്‍ച്ച് പാലങ്ങളും പൂര്‍ത്തീകരിച്ചു. ശേഷിക്കുന്ന ഏഴ് പാലങ്ങളുടെ പണി അന്തിമഘട്ടത്തിലാണെന്ന് യോഗത്തില്‍ അറിയിച്ചു. മൂന്നാംമേഖലയായ കഴുതുരുട്ടി- ഭഗവതിപുരം 70 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 64 പാലങ്ങളില്‍ 63ഉം പണി തീര്‍ത്തു. വന്‍കിടപാലങ്ങള്‍ ഏഴെണ്ണത്തില്‍ രണ്ടെണ്ണത്തിന്‍െറ പണി മാത്രമേ പൂര്‍ത്തീകരിക്കാന്‍ ശേഷിക്കുന്നുള്ളൂ. അഞ്ച് കിലോമീറ്റര്‍ ട്രാക്കിന്‍െറ പണി തീര്‍ന്നു. നാല് ടണലുകളില്‍ മൂന്നെണ്ണം പൂര്‍ത്തീകരിച്ചു. ലെവല്‍ ക്രോസിങ്ങിനോടനുബന്ധിച്ച സബ്വേകളുടെ പണി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. നാലാം റീച്ച് ഭഗവതിപുരം-ചെങ്കോട്ട പണിയും പൂര്‍ത്തീകരണത്തിന്‍െറ അന്തിമഘട്ടത്തിലാണ്. റെയില്‍വേ ഗേറ്റിന്‍െറ പണി മാത്രമാണ് ശേഷിക്കുന്നത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്റി, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പി.കെ. മിശ്ര, ദക്ഷിണ മേഖല ചീഫ് ഓപറേറ്റിങ് മാനേജര്‍ അനന്തരാമന്‍, ചീഫ് എന്‍ജിനീയര്‍മാരായ എസ്.എസ്. ഗുപ്ത, രവീന്ദ്രബാബു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.