അച്ചന്‍കോവിലിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ കേട്ട് ‘ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കരികെ’ പരിപാടി

കൊല്ലം: ‘ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കരികെ’ എന്ന പരിപാടിയില്‍ അച്ചന്‍കോവിലിലെ ആദിവാസികളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. കലക്ടര്‍ എ. ഷൈനാമോളുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘം രാവിലെ 9.30ന് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 140ലേറെ പരാതികള്‍ ലഭിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, വനം, റവന്യൂ, പട്ടികവര്‍ഗ വികസനം, പഞ്ചായത്ത്, ജല അതോറിറ്റി, കെ.എസ്.ഇ.ബി, വ്യവസായം, കുടുംബശ്രീ, സാമൂഹികനീതി, ഗ്രാമവികസനം, ഭക്ഷ്യപൊതുവിതരണം എന്നീ വകുപ്പുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ലഭിച്ചവയിലേറെയും വിവിധ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകളായിരുന്നു. അവയെല്ലാം പരിശോധിച്ച് പെന്‍ഷന്‍ നാല്‍കാന്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ പഞ്ചായത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. ആദിവാസികള്‍ താമസിക്കുന്ന കോളനിയില്‍ കുടിവെള്ള പദ്ധതിക്കായി ജല അതോറിറ്റി പുതിയ പ്രോജ്ക്ട് തയാറാക്കും. പട്ടികവര്‍ഗ വികസന വകുപ്പ് പദ്ധതി നടപ്പാക്കാനുള്ള ഫണ്ട് ലഭ്യമാക്കും. പദ്ധതിക്കുള്ള സ്ഥലം വനം വകുപ്പ് വിട്ടുകൊടുക്കും. പരമാവധി പൊതുടാപ്പുകള്‍ സ്ഥാപിക്കാനും ഇവയുടെ നടത്തിപ്പിനുള്ള ചെലവ് വഹിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നവര്‍ നല്‍കേണ്ട വൈദ്യുതി ചാര്‍ജ് ആദിവാസികള്‍ നല്‍കുന്നതൊഴിവാക്കി തുക അടയ്ക്കാന്‍ ധനസംരക്ഷണ സമിതിയെ ചുമതലപ്പെടുത്താനും യോഗത്തില്‍ ധാരണയായി. ആണ്‍കുട്ടികള്‍ക്ക് പ്രത്യേകം ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ഭൂമി കണ്ടത്തൊന്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. 40 പേര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ആധാര്‍ കാര്‍ഡിന് 90 അപേക്ഷ ലഭിച്ചു. ഇവ നല്‍കാന്‍ പ്രത്യേക ക്യാമ്പ് ആഗസ്റ്റില്‍ അച്ചന്‍കോവിലില്‍ സംഘടിപ്പിക്കും. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ഗ്രാമപഞ്ചായത്ത് പ്രത്യേക പദ്ധതി തയാറാക്കും. കേടായ വൈദ്യുതി പോസ്റ്റുകളും ആദിവാസികള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലെ പോസ്റ്റുകളും മാറ്റിസ്ഥാപിക്കും. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തവര്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കാന്‍ കെ.എസ്.ഇ.ബി ഉടന്‍ അപേക്ഷ സ്വീകരിച്ച് നടപടി സ്വീകരിക്കും. വനവിഭവങ്ങള്‍ ശേഖരിക്കുന്ന യൂനിറ്റ് ശക്തിപ്പെടുത്തും. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പുതിയ യൂനിറ്റ് സ്ഥാപിക്കുന്നതിനും ആദിവാസികള്‍ക്ക് ഇതിന്തൊഴില്‍ പരിശീലനം നല്‍കുന്നതിനും വിശദമായ പ്രോജക്ട് തയാറാക്കി സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജോബ് കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കും. വികലാംഗരായ മൂന്ന് കുട്ടികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ളെന്ന പരാതിയില്‍ അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ ഡി.എം.ഒക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ ആദിവാസികളില്‍നിന്ന് പരാതി സ്വീകരിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിച്ച ശേഷം കലക്ടറുടെ നേതൃത്വത്തിലെ സംഘം ആദിവാസികളുടെ വീടുകള്‍, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, പി.എച്ച്.സി, എല്‍.പി സ്കൂള്‍, മുതലത്തോട് കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. എ.ഡി.എം ഐ. അബ്ദുല്‍ സലാം, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.ടി. വര്‍ഗീസ് പണിക്കര്‍, ജെ. ദേവപ്രസാദ്, അനു എസ്. നായര്‍, അച്ചന്‍കോവില്‍ ഡി.എഫ്.ഒ രാജന്‍, തഹസില്‍ദാര്‍ ബി. ശശികുമാര്‍, അഡീഷനല്‍ തഹസില്‍ദാര്‍ ആര്‍. ബീനാകുമാരി, ഡി.എം.ഒ വി.വി. ഷേര്‍ളി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് ബാബു, വിജയമ്മ ലക്ഷ്മണന്‍, ഗീതാ സുകുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.