പോരുവഴിയുടെ വടക്കന്‍ മേഖലയില്‍ വൈദ്യുതിമുടക്കം പതിവ്

ശാസ്താംകോട്ട: ശൂരനാട് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ പോരുവഴി പഞ്ചായത്തിന്‍െറ വടക്കന്‍മേഖലയില്‍ രാപ്പകല്‍ ഭേദമില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവായി. പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ ഫീഡറില്‍ നിന്നാണ് ഇവിടെ വൈദ്യുതി എത്തുന്നത്. ഇതിനാല്‍ ഇക്കാര്യത്തിലുള്ള നിസ്സഹായത അറിയിക്കുകയാണ് ശാസ്താംകോട്ട സബ് സ്റ്റേഷനിലെയും ശൂരനാട് വൈദ്യുതി സെക്ഷനിലെയും അധികൃതര്‍. നേരത്തേ പ്രദേശത്ത് വൈദ്യുതി ലഭിച്ചിരുന്നത് പത്തനംതിട്ട ജില്ലയിലെ തന്നെ കടമ്പാട് ഫീഡറില്‍ നിന്നാണ്. ഇതില്‍നിന്ന് വേര്‍പെടുത്തി പള്ളിക്കല്‍ ഫീഡറുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഏതാണ്ട് എട്ട് കിലോമീറ്ററോളം ദൂരെയാണ് പള്ളിക്കല്‍ ഫീഡറിന്‍െറ നിയന്ത്രണസംവിധാനം സ്ഥാപിച്ചിട്ടുള്ളത്. ഈ ലൈന്‍ സ്ഥാപിച്ച വഴിയില്‍ മരം വീഴുന്നതും ലൈന്‍ പൊട്ടിവീഴുന്നതും പതിവാണ്. കൊല്ലം ജില്ലയുടെ ഭാഗമായ പ്രദേശത്ത് വൈദ്യുതി മുടങ്ങിയാല്‍ പത്തനംതിട്ട ജില്ലയിലെ കെ.എസ്.ഇ.ബി അധികൃതര്‍ കനിഞ്ഞാലേ വൈദ്യുതി വിതരണം പുന$സ്ഥാപിക്കാനാവൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഭരണപരമായ ഒട്ടേറെ കടമ്പകള്‍ കടന്നാലേ ഈ ലൈന്‍ യഥാസമയം കേടുതീര്‍ത്തുകിട്ടൂ എന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലം ജില്ലയിലെ വൈദ്യുതി സര്‍ക്ക്ള്‍ ഓഫിസ് പരിധിയിലെ ഫീഡര്‍ സംവിധാനവുമായി മേഖലയിലെ വൈദ്യുതിവിതരണസംവിധാനത്തെ പുന$ക്രമീകരിച്ച് യോജിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ദിനേന മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങുന്ന പ്രതിഭാസത്തിന് ഇത് മാത്രമാണ് പോംവഴിയെന്ന് കെ.എസ്.ഇ.ബി അധികൃതരും ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.