കൊല്ലം: ഏറെക്കാലമായുള്ള ആവശ്യങ്ങള്‍ക്കൊടുവില്‍ നിര്‍മാണം ആരംഭിച്ച കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശകവാടം അടുത്തവര്‍ഷം യാഥാര്‍ഥ്യമാവും. ഫണ്ട് ലഭ്യമാവുന്ന മുറക്ക് നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ബുട്ടാനി പറഞ്ഞു. രണ്ടാം കവാടമടക്കം റെയില്‍വേ സ്റ്റേഷനിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനത്തെിയതായിരുന്നു അദ്ദേഹം. എട്ടുകോടിയാണ് നിര്‍മാണ ചെലവ്. ഇതില്‍ ഒന്നരകോടിയോളം ഇതിനകം അനുവദിച്ചിട്ടുണ്ട്. ഫണ്ട് യഥാസമയം ലഭ്യമായാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ല. കൊല്ലം റെയില്‍വേ സ്റ്റേഷന്‍െറ വികസനത്തിന് റെയില്‍വേ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ടെന്നും ഡി.ആര്‍.എം പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ഡി.ആര്‍.എമ്മിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം റെയില്‍വേ സ്റ്റേഷനിലത്തെിയത്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു എന്നിവരും സ്റ്റേഷനിലത്തെിയിരുന്നു. രണ്ടാം പ്രവേശകവാടം കൊല്ലം നഗരത്തിന്‍െറ അടിയന്തര ആവശ്യമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതോടൊപ്പം റെയില്‍വേ സ്റ്റേഷന്‍െറ തന്നെ മുഖച്ഛായ മാറ്റാനും പദ്ധതി ഗുണകരമാവുമെന്ന് എം.പി ചൂണ്ടിക്കാട്ടി. റെയില്‍വേ സ്റ്റേഷനുമുന്നിലെ റോഡുകളില്‍ ഇപ്പോഴുള്ള പാര്‍ക്കിങ് അവിടെ നിന്നുമാറ്റി റെയില്‍വേയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം അതിന് പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് മേയര്‍ ഡി.ആര്‍.എമ്മിന്‍െറ ശ്രദ്ധയില്‍പ്പെടുത്തി. റെയില്‍വേയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ കോര്‍പറേഷന്‍െറ പിന്തുണയും സഹകരണവും മേയര്‍ വാഗ്ദാനം ചെയ്തു. കൊല്ലം-ചെങ്കോട്ട ദേശീയപാതയോരത്തുള്ള നിര്‍ദിഷ്ട രണ്ടാം പ്രവേശകവാടത്തിന്‍െറ നിര്‍മാണം നടക്കുന്ന സ്ഥലം എം.പി, മേയര്‍, ഡി.ആര്‍.എം എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. നിലവിലെ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോം മുതല്‍ ചെങ്കോട്ട റോഡുവരെ നീളുന്ന ഫുട്ഓവര്‍ബ്രിഡ്ജാണ് നിര്‍മിക്കുകയെന്ന് എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രണ്ട് പ്രവേശകവാടങ്ങളിലും എസ്കലേറ്റര്‍, ലിഫ്റ്റ് സംവിധാനങ്ങളുണ്ടാവും. രണ്ടാം പ്രവേശകവാടത്തില്‍ പാര്‍ക്കിങ് സ്ഥലം, എല്ലാത്തരം ടിക്കറ്റും ലഭ്യമാവുന്ന ബുക്കിങ് ഓഫിസ്, ഇലക്ട്രോണിക് ഡിസ്പ്ളേ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. ടിക്കറ്റ് ബുക്കിങ് സുഗമമാക്കുന്നതിന് നിലവിലുള്ള ബുക്കിങ് ഓഫിസ് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റും.സീനിയര്‍ ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ വി.സി. സുധീഷ്, സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍മാരായ ആര്‍.കെ. മീന, നസീര്‍ അഹമ്മദ്, രവികുമാരന്‍നായര്‍, ഡിവിഷനല്‍ എന്‍ജിനീയര്‍ എ.വി. ശ്രീകുമാര്‍, അസിസ്റ്റന്‍റ്് ഡിവിഷനല്‍ എന്‍ജിനീയര്‍ വി.ആര്‍. സുരേന്ദ്രന്‍, കൊല്ലം സ്റ്റേഷന്‍ മാസ്റ്റര്‍ പി.എസ്. അജയകുമാര്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ എം.കെ. സൂരജ് എന്നിവരും ഡി.ആര്‍.എമ്മിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.