സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകം

പത്തനാപുരം: കിഴക്കന്‍ മേഖലകളില്‍ സ്കൂള്‍ പരിസരങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വര്‍ധിക്കുന്നു. ചെറിയ കടകള്‍, വയലുകള്‍, ആളൊഴിഞ്ഞ തോട്ടങ്ങള്‍, പാലങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് കച്ചവടം നടക്കുന്നത്. പലസ്ഥലങ്ങളിലും സംഘം ചേര്‍ന്നാണ് ഇവര്‍ വില്‍ക്കുന്നത്. കുട്ടികളെ ലഹരിക്ക് അടിമകളാക്കാന്‍ സ്കൂള്‍ പരിസരങ്ങളില്‍ പ്രത്യേകസംഘം പ്രവൃത്തിക്കുന്നതായാണ് സൂചന. പത്തനാപുരം, മാങ്കോട്, പുന്നല, കറവൂര്‍, ചെമ്പനരുവി, കടയ്ക്കാമണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍ക്കുന്നത്. കഞ്ചാവ് മാഫിയയുടെ വലയില്‍ വീഴുന്ന കുട്ടികളാണ് പിന്നീട് കച്ചവടക്കാരായി മാറുന്നത്. ഇവര്‍ സുഹൃത്തുകളെയും ലഹരിക്ക് അടിമകളാക്കുന്നു. അധികൃതരുടെ ഒത്താശയോടെയാണ് കഞ്ചാവ് വില്‍ക്കുന്നതെന്ന് പരിസരവാസികള്‍ പരാതി പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ പൊലീസിലോ എക്സൈസിലോ പരാതിപ്പെട്ടാല്‍ വീടുകയറി ആക്രമിക്കുകയാണ് ഇവരുടെ രീതി. ഇത് ഭയന്ന് ആരും പരാതി നല്‍കാന്‍ തയാറല്ല. മറ്റുള്ളവര്‍ കണ്ടത്തൊതിരിക്കാന്‍ പുതിയ പേരുകളാണ് ലഹരിവസ്തുക്കള്‍ക്ക് ഉപയോഗിക്കുന്നത്. വിശ്വസ്ഥര്‍ക്ക് മാത്രമേ പേരുകള്‍ കൈമാറൂ. ‘റോസ്’ എന്ന പേരിലാണ് ഇപ്പോള്‍ കഞ്ചാവ് അറിയപ്പെടുന്നതത്രെ. സ്കൂള്‍ സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്ന സംഘം അളവില്‍ കുറച്ച് ചെറിയ പൊതിയിലാക്കി ഇവരുടെ സംഘത്തില്‍പെട്ട കുട്ടികളെ ഏല്‍പിക്കുന്നു. ഇവര്‍ മറ്റ് കുട്ടികള്‍ക്ക് കച്ചവടം നടത്താറാണ് പതിവ്. ഒരു പൊതിക്ക് 50 രൂപ നിരക്കിലാണ് കച്ചവടം നടക്കുന്നത്. ‘റോസ്’ എന്ന പേരില്‍ അറിയപ്പെടുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് സംശയവും തോന്നില്ല. ലഹരിക്ക് അടിമകളാകുന്ന കുട്ടികള്‍ ഇത് വാങ്ങാന്‍ മോഷണംവരെ നടത്തുന്നതായി പൊലീസ് പറയുന്നു. കുട്ടികളില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിന് സ്കൂള്‍തലത്തില്‍ പല ക്യാമ്പുകളും സെമിനാറുകളും നടത്താറുണ്ടൈങ്കിലും അവയൊന്നും ഫലപ്രദമാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.