യാത്രക്കാരുടെ നടുവൊടിച്ച് പത്തനാപുരം-കുന്നിക്കോട് പാത

കുന്നിക്കോട്: വാളകം-പത്തനാപുരം ശബരി ബൈപാസിലൂടെയുള്ള സഞ്ചാരം യാത്രക്കാരുടെ നടുവൊടിക്കുന്നു. പത്തനാപുരം മുതല്‍ കുന്നിക്കോട് വരെ ഭാഗമാണ് ദുരിതയാത്ര സമ്മാനിക്കുന്നത്. കോടികള്‍ മുടക്കി രണ്ട് വര്‍ഷം മുമ്പാണ് പാത നിര്‍മിച്ചത്. രണ്ട് ഘട്ടമായാണ് നിര്‍മാണം നടന്നത്. പത്തനാപുരം മുതല്‍ കുന്നിക്കോട് വരെയാണ് ഒന്നാംഘട്ടത്തില്‍ നിര്‍മിച്ചത്. തുടര്‍ന്ന് കുന്നിക്കോട് മുതല്‍ വാളകം വരെ രണ്ടാംഘട്ടമായും ചെയ്തു. ആദ്യഘട്ടത്തില്‍ നിര്‍മിച്ച ഭാഗമാണ് തകര്‍ച്ചയിലായത്. പാതയില്‍ രൂപപ്പെട്ട കുഴികള്‍ യാത്രികരെ അപകടത്തില്‍പെടുത്തുകയാണ്. കഴിഞ്ഞദിവസം കുരിശുംമൂട് ജങ്ഷനിലെ കുഴിയില്‍വീണ് ഇരുചക്രവാഹനയാത്രക്കാരന് പരിക്കേറ്റു. തിരുവനന്തപുരം, കരമന, പാറശ്ശാല, കന്യാകുമാരി മേഖലകളില്‍ നിന്നത്തെുന്ന ശബരിമല തീര്‍ഥാടകര്‍ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. എം.സി റോഡില്‍നിന്ന് വേഗത്തില്‍ പുനലൂര്‍ പത്തനംതിട്ട പാതയിലേക്ക് എത്തിച്ചേരാന്‍ കഴിയും. ഇതുവഴി അമ്പതിലധികം കിലോമീറ്ററാണ് യാത്രക്കാര്‍ക്ക് ലാഭിക്കാനാകുന്നത്. പാതയിലെ കുഴികള്‍ കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്. ആവണീശ്വരം, എഫ്.സി.ഐ, പനംമ്പറ്റ, പിടവൂര്‍, മഞ്ചള്ളൂര്‍ എന്നിവിടങ്ങളാണ് കൂടുതലും തകര്‍ച്ചയിലായത്. തലവൂര്‍, പട്ടാഴി, കടുവാത്തോട്, മഞ്ഞക്കാല, കാര്യറ, വിളക്കുടി ഭാഗങ്ങളിലെ ആളുകള്‍ കൂടുതലും ആശ്രയിക്കുന്നതും ശബരി ബൈപാസിനെയാണ്. പാതയുടെ വീതികൂട്ടല്‍, സംരക്ഷണഭിത്തികളുടെ നിര്‍മാണം എന്നിവയൊന്നും നടത്താതെയാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. കരാറുകാരനും ജനപ്രതിനിധിയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പാത പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. പലതവണ ആവശ്യമുയര്‍ന്നിട്ടും പാതയുടെ അറ്റകുറ്റപ്പണികള്‍ ഇതേവരെ ആരംഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.