കൊല്ലം: ചെങ്ങറ സമരഭൂമിയില്‍ കുടില്‍കെട്ടി താമസിച്ചിരുന്ന വീട്ടമ്മയെയും കുടുംബത്തെയും ഇറക്കിവിട്ടെന്ന പരാതിയില്‍ സംസ്ഥാന വനിതാ കമീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. സമരസമിതിയുടെ നേതൃത്വത്തിലുള്ളവരാണ് ഒഴിവാക്കിയതെന്ന വീട്ടമ്മയുടെ പരാതി വ്യാഴാഴ്ച കൊല്ലം ഗെസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിലാണ് വനിതാ കമീഷന്‍ പരിഗണിച്ചത്. ദലിത് സമുദായത്തില്‍പെട്ട തനിക്ക് സ്വസമുദായത്തിലുള്ളവരില്‍ നിന്നുതന്നെയാണ് നീതിനിഷേധമുണ്ടായതെന്ന് വീട്ടമ്മ കമീഷനെ അറിയിച്ചു. സമരഭൂമിയില്‍ പ്രവേശം നിഷേധിക്കപ്പെട്ടതോടെ മറ്റൊരിടത്ത് പ്ളാസ്റ്റിക് ഷെഡ് കെട്ടിയാണ് ഇപ്പോള്‍ താമസിക്കുന്നത്. ഗുണ്ടകളുടെ ഭീഷണിയടക്കം നേരിടേണ്ടിവന്നു. രണ്ട് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടാന്‍ കമീഷനംഗം ഡോ.ജെ. പ്രമീളാദേവി ഉത്തരവിട്ടത്. സ്കൂളില്‍നിന്ന് പിരിച്ചുവിട്ടെന്ന മാനേജ്മെന്‍റിനെതിരായ അധ്യാപികയുടെ പരാതിയിലും അന്വേഷണം നടത്താന്‍ തീരുമാനമായി. 80 പരാതികള്‍ പരിഗണിച്ചതില്‍ 42 എണ്ണം പരിഹരിച്ചു. 14 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. 12 പരാതികളില്‍ പൊലീസിന്‍െറയും ആര്‍.ഡി.ഒയുടെയും റിപ്പോര്‍ട്ട് തേടി. 12 കേസുകളില്‍ ഇരുഭാഗത്തെയും കക്ഷികള്‍ ഹാജരായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.