കടലിനും കായലിനും ഇടയിലെ ആലപ്പാട്ട് ജലക്ഷാമം

കരുനാഗപ്പള്ളി: ജില്ലയിലെ തീരദേശ ഗ്രാമമായ ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. അറബിക്കടലിനും ടി.എസ് കനാലിനും ഇടയിലായിട്ടും കിണറുകളില്ല മേഖലയില്‍. ജലവിതരണപദ്ധതികള്‍ മാത്രമാണ് ശുദ്ധജലം എത്തിക്കുന്നതിനുള്ള ഏക മാര്‍ഗം. ശ്രായിക്കാട്, അഴീക്കല്‍, കുഴിത്തുറ എന്നിവിടങ്ങളിലെ പമ്പ്ഹൗസുകള്‍ വഴിയാണ് പഞ്ചായത്തില്‍ കുടിവെള്ളവിതരണം നടക്കുന്നത്. എന്നാല്‍, ഓച്ചിറ കുടിവെള്ള പദ്ധതി പ്രകാരമുള്ള ജലവിതരണം കാര്യക്ഷമമല്ലാതായതോടെ മിക്ക വാര്‍ഡുകളിലെയും ജനം ദുരിതത്തിലാണ്. അഴീക്കല്‍ ഒന്നാം വാര്‍ഡിലും ശ്രായിക്കാടും വെള്ളനാതുരുത്തിലുമാണ് ശുദ്ധജലക്ഷാമം രൂക്ഷം. മണ്ഡലത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് 13ന് താലൂക്ക് കേന്ദ്രത്തില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുഴിത്തുറയിലെ പമ്പ്ഹൗസിന്‍െറ അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍, മറ്റ് ഭാഗങ്ങളിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ടാങ്കില്‍ കുടിവെള്ളം എത്തിക്കുക മാത്രമാണ് പോംവഴി. ഇതിനുള്ള അപേക്ഷകള്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചതായാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പഞ്ചായത്തിലെ തെക്കേ അറ്റത്തെ വാര്‍ഡായ വെള്ളനാതുരുത്തില്‍ മുമ്പ് ഐ.ആര്‍.ഇ വേനല്‍ക്കാലത്ത് വെള്ളം എത്തിക്കാറുണ്ടായിരുന്നെങ്കിലും ഖനനമേഖലകളിലെ പ്രതിഷേധം കാരണം ഇതു നിര്‍ത്തി. ഓച്ചിറ ജലവിതരണ പദ്ധതിപ്രകാരം കിട്ടേണ്ട വെള്ളം ക്ളാപ്പനയില്‍ പ്രഷര്‍ കുറച്ച് വിടുന്നതിനാല്‍ അതും പേരിനാണ് പലയിടത്തും കിട്ടുന്നതെന്നാണ് നാട്ടുകാരുടെ പരാതി. അഴീക്കലിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് അമൃതാനന്ദമയി മഠം അനുവദിച്ച 37.75 ലക്ഷം രൂപ വിനിയോഗിച്ച് ക്ളാപ്പന എരമത്ത് കാവില്‍നിന്ന് ആയിരംതെങ്ങ് പാലം വഴി ഇന്‍റര്‍ കണക്ഷന്‍ നല്‍കിയാണ് പൂക്കോട്ട് പമ്പ്ഹൗസ് വഴി ജലം വിതരണം ചെയ്യുന്നത്. എന്നാല്‍, ഈ വിതരണശൃംഖല വഴിയും നാമമാത്രമായാണ് ജലം ലഭ്യമാകുന്നത്. തീരദേശമേഖലയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണുന്നതിന് പ്രാദേശിക സ്രോതസ്സുകളിലെ വെള്ളം ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിച്ച് നല്‍കുക എന്ന ആശയം മുന്നോട്ടുവെച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പ്രാവര്‍ത്തികമായില്ല. ഓച്ചിറ കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് എത്രനാള്‍ മുന്നോട്ടുപോകാനാകുമെന്ന ആശങ്കയാണ് ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്ന ഗ്രാമവാസികള്‍ക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.