ആ നാടകങ്ങള്‍ക്ക് ഇനി ഒ.എന്‍.വി പാട്ടെഴുതില്ല

കൊല്ലം: വരിക ഗന്ധര്‍വ ഗായകാ...വീണ്ടും, വരിക കാതോര്‍ത്ത് നില്‍ക്കുന്നു കാലം....കൊല്ലത്തിന്‍െറ നാടകാചാര്യന്‍ ഒ. മാധവന്‍ കെ.പി.എ.സി വിട്ട് ആരംഭിച്ച കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍െറ കര്‍ട്ടന്‍ ഉയരുന്നത് ഒ.എന്‍.വിയുടെ ഈ ഗാനത്തോടെയാണ്. കാളിദാസ കലാകേന്ദ്രത്തിന്‍െറ ആദ്യ നാടകമായ ഡോക്ടര്‍ മുതല്‍ അവസാന നാടകമായ സുഗന്ധ വ്യാപാരിവരെയുള്ള 55 നാടകങ്ങളുടെ അവതരണ ഗാനവും മറ്റുള്ള ഗാനങ്ങളും ഒ.എന്‍.വിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. അത്രക്ക് ആത്മബന്ധമായിരുന്നു എന്‍െറ മാന്‍ചേട്ടനും (ഒ. മാധവന്‍) ഒ.എന്‍.വിയും തമ്മിലെന്ന് ഓ. മാധവന്‍െറ ഭാര്യ വിജയകുമാരി പറഞ്ഞു. ജി. ദേവരാജന്‍-ഒ.എന്‍.വി -ഒ.മാധവന്‍ ഇവരായിരുന്നു കാളിദാസ കലാകേന്ദ്രത്തിന്‍െറ എല്ലാം. കെ.പി.എ.സി യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തില്‍ ബാലനടിയായി എത്തിയ കാലം മുതല്‍ അവസാന മണിക്കൂറുകള്‍ വരെ കാണുമ്പോള്‍ ഒ.എന്‍.വി സാറിന്‍െറ എടീ അനിയത്തിയേ...എന്ന വിളി ഒരിക്കലും മനസ്സില്‍നിന്ന് മായില്ല. ‘സുഗന്ധ വ്യാപാരി’ നാടകത്തിന്‍െറ ഗാനങ്ങള്‍ക്കു വേണ്ടിയാണ് അവസാനം തിരുവനന്തപുരത്തെ വീട്ടിലത്തെി കണ്ടത്. ഏതു നാടകവുമായി ബന്ധപ്പെട്ട് ചെല്ലുമ്പോഴും കഥ കേട്ട ഉടന്‍ അടുത്ത ദിവസം വീട്ടിലേക്ക് വിളിക്കും ഗാനം റെഡിയാണ്. വരിക ഗന്ധര്‍വ ഗായകാ..എന്ന ഗാനം ദേവരാജന്‍ മാസ്റ്ററാണ് ആദ്യം പാടിയത്. പിന്നീട് എം.കെ അര്‍ജുനന്‍െറ സംഗീതത്തില്‍ പട്ടണക്കാട് പുരുഷോത്തമന്‍ പാടി. മിക്ക നാടകങ്ങളുടെയും ആദ്യ അവതരണം നടക്കുമ്പോള്‍ എത്തുമായിരുന്നു. തന്നെക്കുറിച്ചുള്ള ഒരു പുസ്തകം അവസാന ഘട്ടത്തിലാണ്. ആഗസ്റ്റില്‍ അതിന്‍െറ പ്രകാശനം ഒ.എന്‍.വി സാറിനെകൊണ്ട് പ്രകാശനം ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നെന്നും വിജയകുമാരി പറഞ്ഞു. വൈകീട്ട് ലണ്ടനിലുള്ള മകള്‍ ജയശ്രീ ശ്യാംലാല്‍ വിളിച്ചറിയിച്ചതോടെയാണ് ഒ.എന്‍.വി സാറിന്‍െറ മരണവാര്‍ത്ത അറിയുന്നത്. ഉടനെ മകനും നടനുമായ മുകേഷിനെ വിളിച്ചു. അവന്‍ വന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാമെന്നറിയിച്ചിട്ടുണ്ട്. സാറിന്‍െറ മരണം കലാകേന്ദ്രത്തിനും തീരാനഷ്ടമാണ്. ‘ചിതയില്‍നിന്നും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും....ചിറകുകള്‍ പൂപോല്‍ വിടര്‍ത്തെഴുന്നേല്‍ക്കും’ സാറിന്‍െറ വരികളെ പോലെതന്നെ ഗന്ധര്‍വ ഗായകന്‍ എന്നും കലാകേന്ദ്രത്തിന്‍െറ വേദികളില്‍ നിറഞ്ഞുതന്നെ നില്‍ക്കും -വിജയകുമാരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.