തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

കൊട്ടിയം: കോടികള്‍ മുടക്കി നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിര്‍മാണം നീണ്ടതോടെ തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പഞ്ചായത്തില്‍ നിലവിലെ പല ജലവിതരണ പദ്ധതികളും താളംതെറ്റിയനിലയിലാണ്. കണ്ണനല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവരാണ് ഇതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കോടികള്‍ മുടക്കി വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ചന്തമൈതാനത്ത് സ്ഥാപിക്കുന്ന പദ്ധതിയുടെ നിര്‍മാണമാണ് നീളുന്നത്. മൂന്നുവര്‍ഷം മുമ്പ് മന്ത്രി പി.ജെ. ജോസഫാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 5.5 മില്യണ്‍ ലിറ്റര്‍ വെള്ളം സംഭരിച്ച് ശുദ്ധീകരിക്കുന്നതിനുള്ള വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, അനുബന്ധ ടാങ്കിന്‍െറ നിര്‍മാണമാണ് വൈകുന്നത്. ഇതിനാലാണ് പദ്ധതിയുടെ കമീഷനിങ് നടക്കാത്തതെന്ന് അധികൃതര്‍ പറയുന്നു. ഇതു പൂര്‍ത്തിയായാല്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. പദ്ധതിക്കായുള്ള കിണര്‍ സ്ഥാപിക്കുന്നത് നെടുമ്പന പഞ്ചായത്തിലെ പള്ളിമണ്‍ ആറിന്‍െറ തീരത്തായതിനാല്‍ പഞ്ചായത്തിലെ ഏതാനും വാര്‍ഡുകളിലേക്കും പദ്ധതിയില്‍നിന്ന് കുടിവെള്ളം ലഭിക്കും. അതേസമയം, പദ്ധതി പൂര്‍ത്തിയാകാത്തതിനാല്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്. നീരൊഴുക്ക് പമ്പ്ഹൗസ്, തഴുത്തല വൈദ്യശാല പമ്പ്ഹൗസ് എന്നിവയും പ്രവര്‍ത്തനരഹിതമാണ്. പാലമുക്ക് പമ്പ്ഹൗസില്‍നിന്നുള്ള വെള്ളവും പല സ്ഥലത്തും ലഭിക്കാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.