കരീപ്രയില്‍ സി.പി.ഐയും സി.പി.എമ്മും രണ്ടു തട്ടില്‍

ഓയൂര്‍: കരീപ്രയിലെ രാഷ്ട്രീയപോര് രൂക്ഷമായതോടെ സി.പി.ഐയും സി.പി.എമ്മും രണ്ടു തട്ടില്‍. പഞ്ചായത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐയുടെ കൊടിമരങ്ങളും കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയയാത്രയുടെ ഫ്ളക്സുകളും ബാനറുകളും പോസ്റ്ററുകളും സി.പി.എം നശിപ്പിച്ചെന്നാണ് സി.പി.ഐയുടെ പരാതി. എന്നാല്‍, സി.പി.ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധജാഥയില്‍ പിണറായി വിജയന്‍ നയിക്കുന്ന ജാഥയുടെ ഫ്ളക്സ് ബോര്‍ഡുകളും ഡി.വൈ.എഫ്.ഐ കരീപ്ര ജങ്ഷനില്‍ പണിത കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരുടെയും പാര്‍ട്ടി ഓഫിസുകളും അടിച്ച് തകര്‍ക്കപ്പെട്ടു. സംഭവത്തില്‍ സി.പി.ഐക്കാരായ മുളവൂര്‍ക്കോണം കുപ്പണയില്‍ സനോജ് മന്ദിരത്തില്‍ ബിനു (28), കരീപ്ര പുതിക്കാന്‍വീട്ടില്‍ ശ്യാം ജി. ഗോപാലന്‍ (25), കിണറുവിള മേലതില്‍വീട്ടില്‍ സച്ചു സന്തോഷ് എന്നിവരെ എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമം കാട്ടിയ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതും പോര് രൂക്ഷമാക്കി. അതേസമയം ഇരുകൂട്ടരിലെയും കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ എഴുകോണ്‍ സി.ഐ കേസെടുത്തിട്ടുണ്ട്. പൊലീസ് സി.പി.എമ്മിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണമാണ് സി.പി.ഐ ഉന്നയിക്കുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് കാലത്താണ് ഇരു പാര്‍ട്ടിയിലും കലഹം ആരംഭിച്ചത്. സി.പി.ഐ മത്സരിച്ച ആറ് സീറ്റിലും വിജയിച്ചിരുന്നു. എന്നാല്‍, സി.പി.എം 12 സീറ്റില്‍ മത്സരിച്ചതില്‍ ആറിടത്ത് മാത്രമാണ് വിജയിച്ചത്. മാത്രമല്ല സി.പി.എമ്മിന്‍െറ പ്രാദേശിക നേതാക്കള്‍ മത്സരിച്ച വാക്കനാട്, പ്ളാക്കോട് വാര്‍ഡുകളില്‍ തോല്‍ക്കുകയും ബി.ജെ.പി വിജയിക്കുകയും ചെയ്തു. സി.പി.ഐ കാലുവാരിയതാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇതാണ് ഇരുപാര്‍ട്ടിയും തമ്മിലെ അക്രമത്തില്‍ കലാശിച്ചതെന്ന് പറയുന്നു. കൂടാതെ സി.പി.എം നേതാക്കളെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം സി.പി.ഐ തടഞ്ഞതും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും അക്രമം കാട്ടിയ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ സി.പി.ഐ നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്. എഴുകോണ്‍ സി.ഐയുടെ നേതൃത്വത്തില്‍ കരീപ്രയില്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.