എസ്.എസ്.എ പരിപാടികള്‍ ഒന്നിച്ച് തട്ടിക്കൂട്ടാന്‍ നെട്ടോട്ടം

പത്തനാപുരം: ബ്ളോക്തല റിസോഴ്സ് സെന്‍ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകാത്തതിനാല്‍ സര്‍വ ശിക്ഷ അഭിയാന്‍ പദ്ധതികള്‍ വഴിപാടാകുന്നു. അധ്യയനവര്‍ഷം തുടക്കത്തിലാരംഭിക്കേണ്ട പരിപാടികളില്‍ മിക്കതും വര്‍ഷാവസാനത്തിലാണ് നടപ്പാക്കുന്നത്. വാര്‍ഷികപരീക്ഷകള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നിരവധി പരിപാടികള്‍ ഒന്നിച്ച് സംഘടിപ്പിക്കാന്‍ ബി.ആര്‍.സി അധികൃതരുടെ നെട്ടോട്ടം. ഒക്ടോബറില്‍ നടക്കേണ്ട ഗണിതത്തിന്‍െറ മെട്രിക് മേള, നവംബറില്‍ ആരംഭിക്കേണ്ട വിഗ്സ്, അധ്യയനവര്‍ഷം തുടക്കത്തില്‍ ആരംഭിക്കേണ്ട ശുചീകരണത്തിന് പ്രാധാന്യം നല്‍കുന്ന ‘പഠിപ്പും വെടിപ്പും’, വായന അധിഷ്ഠിതമായി ‘വായനവസന്തം’, പരിസ്ഥിതിയെ നിരീക്ഷിക്കേണ്ട ‘സസ്യവായന’ എന്നിവയാണ് ഈമാസം ഒരുമിച്ച് പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. ഏഴിന് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ 25 വരെ നടക്കും. വിവിധ വിഷയങ്ങള്‍ക്കുള്ള ഏകദിന പരിശീലനവും നടക്കുന്നുണ്ട്. ക്ളസ്റ്റര്‍ തലങ്ങളിലെ പരിപാടികളാണ് ഇപ്പോള്‍ നടക്കുന്നത്. പിന്നാലെ ബ്ളോക്തലത്തിലും ജില്ലാതലത്തിലെയും മത്സരങ്ങളും ഈമാസം തന്നെയുണ്ടാകും. മിക്ക പരിപാടികളും മത്സരാടിസ്ഥാനത്തിലായതിനാല്‍ സ്കൂളുകള്‍ക്ക് പരിശീലനത്തിനും കൂടുതല്‍ സമയം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നതാണ് സ്ഥിതി. അതേസമയം ജില്ലാ പരിശീലന കേന്ദ്രങ്ങളില്‍നിന്നുള്ള അറിയിപ്പിന്‍െറ കാലതാമസമാണ് ബ്ളോക്തല പരിപാടികള്‍ കൃത്യമായി നടക്കാത്തതിന് കാരണമെന്ന് അധികൃതര്‍ വാദിക്കുന്നു. അധ്യയനവര്‍ഷം ആരംഭത്തില്‍തന്നെ എസ്.എസ്.എ ഒരു വര്‍ഷത്തേക്കുള്ള പ്രോജക്ട് സംസ്ഥാനത്തിന് നല്‍കുകയാണ് പതിവ്. എന്നാല്‍ ഇതിന്‍െറ നടത്തിപ്പിനുണ്ടാകുന്ന കാലതാമസമാണ് അധ്യാപകരെയും വിദ്യാര്‍ഥികളെയും വലക്കുന്നത്. വ്യക്തമായ ആസൂത്രണമില്ലാതെ നടപ്പാക്കുന്ന പരിപാടികള്‍ മിക്കപ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കലുകള്‍ മാത്രമായി ഒതുങ്ങുകയാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.