പെട്രോളിയം പോലെ ആളിക്കത്തി ‘ഇന്ധനവിലയിലെ കാണാപ്പുറങ്ങള്‍’

കൊല്ലം: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് ബാധിക്കാത്തത് ധനകമ്മി കുറക്കാനും അധികവരുമാനത്തിനുമുള്ള കേന്ദ്രസര്‍ക്കാറിന്‍െറ നീക്കങ്ങളാണെന്ന് സെമിനാര്‍. കൊല്ലം പ്രസ് ക്ളബ് നടത്തിയ ‘ഇന്ധനവിലയിലെ കാണാപ്പുറങ്ങള്‍’ -സെമിനാര്‍ വില വര്‍ധനയുടെ കാരണം കണ്ടത്തൊനുള്ള ചൂടേറിയ ചര്‍ച്ചയായി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയം പഴയതുപോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്ന് ടി.എം. തോമസ് ഐസക് എം.എല്‍.എ പറഞ്ഞു. റിലയന്‍സും എസാറും ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളുടെ സമ്മര്‍ദങ്ങളാണ് ഇന്ധനവില നിയന്ത്രണ ചുമതലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറാന്‍ കാരണം. 2008ല്‍ 147 ഡോളറായിരുന്ന ക്രൂഡ് ഓയിലിന്‍െറ വില 33 ഡോളറായി കുറഞ്ഞിട്ടും ഇന്ധന വിലയില്‍ കുറവുണ്ടാകുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വന്‍ തോതില്‍ നികുതി വര്‍ധിപ്പിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് പ്രയോജനം കിട്ടുന്നില്ല. 50 ശതമാനം നികുതി വര്‍ധനയിലൂടെ ഒന്നരലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന് ലഭിച്ചത്. ഉയര്‍ന്ന പെട്രോള്‍ വിലയോട് പൊരുത്തപ്പെടുന്ന ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പിഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന് മേലുള്ള കോര്‍പറേറ്റുകളുടെ വലിയ സ്വാധീനമാണ് വില കുറയാത്തതിന് കാരണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു പറഞ്ഞു. വില നിയന്ത്രണാധികാരത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് തീരുമാനിച്ചത് വാജ്പേയിയുടെ കാലത്താണ്. ബജറ്റ് വിലയിരുത്തിയതിനെക്കാള്‍ കൂടുതല്‍ തുക സബ്സിഡിയായി നല്‍കേണ്ടിവന്നപ്പോള്‍ രണ്ടാം യു.പി.എ സര്‍ക്കാറിന് മുന്‍ സര്‍ക്കാറിന്‍െറ തീരുമാനം നടപ്പാക്കേണ്ടിവന്നു. അന്നും കോര്‍പറേറ്റ് ഇടപെടല്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. നല്ല രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും ഒന്നിച്ചുകൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു. 21 മാസത്തിനിടെ 20 തവണ ഇന്ധനവില കുറച്ചു. ഇന്ധനങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതിയുടെ 10 ശതമാനവും സംസ്ഥാനങ്ങളുടെ വികസനത്തിന് നല്‍കുകയാണ്. നികുതി പണം പൂര്‍ണമായും രാജ്യത്തിന്‍െറ വികസനത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണയാവകാശം വിട്ടുനല്‍കിയ സര്‍ക്കാറുകള്‍ യാഥാര്‍ഥ്യം ജനങ്ങളില്‍നിന്ന് മറച്ചുവെക്കുകയായിരുന്നെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് പരമേശ്വരന്‍ പറഞ്ഞു. ഒരു ഘട്ടത്തിലും എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടായിട്ടില്ല. രാജ്യത്തിന്‍െറ ധനക്കമ്മി നിയന്ത്രിക്കാന്‍ ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്‍റ് സി. വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സബ് എഡിറ്റര്‍ ബിജു പാപ്പച്ചന്‍ മോഡറേറ്ററായി. പ്രസ് ക്ളബ് സെക്രട്ടറി ഡി. ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കൊല്ലം എസ്.എന്‍ കോളജിലെയും ഫാത്തിമ മാതാ നാഷനല്‍ കോളജിലെയും സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.