പഠിച്ചും പണിയെടുത്തും സാന്ത്വനമേകിയും എന്‍.എസ്.എസ് ക്യാമ്പുകള്‍

കുണ്ടറ: ക്ളാസ് മുറികളുടെ പിരിമുറുക്കമില്ലാതെ സാമൂഹിക പാഠങ്ങള്‍ പഠിച്ചും പൊതുനന്മക്കു വേണ്ടി പണിയെടുത്തും രോഗികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും ആശ്വാസമേകിയും എന്‍.എസ്.എസ് ക്യാമ്പുകള്‍. കാഞ്ഞിരകോട് സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കിഴക്കേകല്ലട സി.വി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. കാഞ്ഞിരകോട് സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ക്യാമ്പില്‍ അപകടങ്ങളിലും തീപിടിത്തങ്ങളിലും ഫയര്‍ഫോഴ്സ് സ്വീകരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ സോദോഹരണക്ളാസ് നടന്നു. കുണ്ടറ ഫയര്‍ഫോഴ്സ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തീപടരുന്നിടത്ത് വിവിധ രീതിയില്‍ വെള്ളം ചീറ്റിയടിക്കുന്നതും വൈദ്യുതി സാന്നിധ്യമുള്ള സ്ഥലത്ത് തീയണക്കുന്നതും കെട്ടിടങ്ങളുടെ മുകളില്‍നിന്ന് പരിക്കേറ്റവരെയും മറ്റും സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതും കത്തിക്കാളുന്ന തീയിലേക്ക് പ്രത്യേക കുപ്പായം ധരിച്ച് കയറി രക്ഷാപ്രവര്‍ത്തനം നടത്തുന്നതും അടിയന്തര പ്രഥമ ശുശ്രൂഷ ചെയ്യുന്നതും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഫയര്‍മാന്‍ അജേഷ് ക്ളാസെടുത്തു. പ്രിന്‍സിപ്പല്‍ സന്തോഷ്കുമാര്‍, പ്രോഗ്രാം ഓഫിസര്‍ എ. യേശുദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പിന്‍െറ ഭാഗമായി കുട്ടികള്‍ കുണ്ടറ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ഹരിത പച്ചക്കറി തോട്ടം നിര്‍മിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി കുണ്ടറ സി.ഐ ഷാബു ഉദ്ഘാടനം ചെയ്തു. കിഴക്കേക്കല്ലട സി.വി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ് യൂനിറ്റ് കുണ്ടറ റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. പ്രിന്‍സിപ്പല്‍ വി. ലക്ഷ്മി, പി.ടി.എ പ്രസിഡന്‍റ് കെ. മധു, പ്രോഗ്രാം ഓഫിസര്‍ ജോണ്‍ ടി. തരകന്‍, ജയപ്രസാദ്, മാത്യു, സനി, ഉഷ വളന്‍റിയര്‍ ലീഡേഴ്സ് പി. അശ്വന്ത്, എസ്. ആദിത്യ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.