പത്തനാപുരം: നഷ്ടത്തിലേക്ക് കൂപ്പുകുത്തി ക്രിസ്മസ് വിപണി. നോട്ട് പ്രതിസന്ധിയും കാര്‍ഷികമേഖലയുടെ തകര്‍ച്ചയും വിപണിയെ പ്രതിസന്ധിയിലാക്കി. വ്യാപാരം പൂര്‍ണമായും നഷ്ടത്തിലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നവംബര്‍ അവസാനം മുതല്‍ വില്‍പനക്കായി നക്ഷത്രങ്ങളും കേക്കുകളും തയാറാക്കി കാത്തിരുന്നവര്‍ക്ക് ക്രിസ്മസ് തലേന്നും നിരാശയായിരുന്നു ഫലം. ജില്ലയുടെ കിഴക്കന്‍മേഖലയിലെ പ്രധാനവിപണിയാണ് പത്തനാപുരം. അതിര്‍ത്തി പട്ടണം ആയതിനാല്‍ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍നിന്നുള്ള ആളുകള്‍ ഏറെ ആശ്രയിക്കുന്നത് ഇവിടത്തെ കടകളെയാണ്. സാധാരണ ക്രിസ്മസിന് ആഴ്ചകള്‍ക്കുമുമ്പെ സജീവമാകുന്നതാണ് വിപണി. തോട്ടംതൊഴിലാളികളും കര്‍ഷകരുമടക്കം ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് പത്തനാപുരത്തെ ആശ്രയിക്കുന്നത്. ഓണം-ക്രിസ്മസ് വിപണികളില്‍ കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന മേഖല ഇത്തവണ കനത്തപ്രതിസന്ധിയിലാണ്. നോട്ട് ക്ഷാമം തന്നെയാണ് പ്രധാന വില്ലന്‍. 1000, 500 രൂപയുടെ പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ആവശ്യാനുസരണം ലഭിക്കാതിരുന്നതും പൊതുജനങ്ങളെ വിപണിയില്‍നിന്ന് അകറ്റി. 2000 രൂപ നല്‍കി സാധനങ്ങള്‍ വാങ്ങിയാല്‍ ബാക്കി നല്‍കാനും ചെറിയ നോട്ടുകള്‍ ഇല്ല. റബര്‍ വിലയിടിവും കാര്‍ഷികരംഗത്തെ തകര്‍ച്ചയും വല്ലാതെ ബാധിച്ചു. നക്ഷത്രവിളക്കുകള്‍ക്കും ആശംസാകാര്‍ഡുകള്‍ക്കുമായി ക്രിസ്മസ് വിപണി പ്രതീക്ഷിച്ച് നിരവധി താല്‍ക്കാലിക കടകളും ഉണ്ട്. വില്‍പന നടക്കുമെന്ന പ്രതീക്ഷയില്‍ വിവിധ കേക്കുകളും മധുരപലഹാരങ്ങളും മുമ്പെ തന്നെ തയാറായിരുന്നു. ശനിയാഴ്ചപോലും വിപണിയില്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. പത്തനാപുരം പൊതുമാര്‍ക്കറ്റും ടൗണുമെല്ലാം വിജനമായിരുന്നു. കടമെടുത്തും വായ്പ വാങ്ങിയും വ്യാപാരം നടത്തിയ കച്ചവടക്കാരാണ് ഏറെയും. വിപണിയുടെ തകര്‍ച്ചയും നോട്ട് ക്ഷാമവും ക്രിസ്മസ് ആഘോഷത്തിന്‍െറ തന്നെ നിറംകെടുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.