സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ 500 കുടുംബങ്ങള്‍ കൂടി

കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 500 പേര്‍ക്ക് കൂടി വീട് നല്‍കാനുള്ള പട്ടിക കോര്‍പറേഷന്‍ തയാറാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുടെ അംഗീകാരത്തിനായി പട്ടിക സമര്‍പ്പിക്കും. വിവിധ ഡിവിഷനുകളിലായി 1422 പേര്‍ക്ക് വീട് നിര്‍മിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 10 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി 30,000 രൂപ വീതം വിതരണം ചെയ്തു. 12 വീടുകള്‍ക്കുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യും. കരാര്‍ അംഗീകരിച്ച 39 വീടുകളുടെ ആദ്യഗഡു ഉടന്‍ അനുവദിക്കും. ഭൂരിഭാഗം അപേക്ഷകരുടെയും ഭൂമി നിലമെന്ന് കാട്ടിയതാണ് കൂടുതല്‍ പേര്‍ക്ക് ധനസഹായം എത്തിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്. ഇത്തരം ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി സര്‍ക്കാറിന് അയച്ചിട്ടുണ്ട്. അനുമതി നല്‍കിയുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയാല്‍ തുക അനുവദിക്കും. ഇത്തരത്തിലുള്ള 139 അപേക്ഷകള്‍ക്ക് അനുമതി കിട്ടത്തക്ക രീതിയില്‍ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പാക്കിത്തുടങ്ങിയ രാജ്യത്തെ ആദ്യ കോര്‍പറേഷനാണ് കൊല്ലം. പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഓരോ കുടുംബത്തിനും വീട് നിര്‍മിക്കാന്‍ മൂന്ന് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതമായി ഒന്നരലക്ഷം അനുവദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറും കോര്‍പറേഷനും അര ലക്ഷം വീതം നല്‍കും. പൊതുവിഭാഗക്കാര്‍ 50,000 രൂപയും പട്ടികജാതിക്കാര്‍ 25,000 രൂപയും ഗുണഭോക്തൃ വിഹിതമായി നല്‍കണം. ഈ വിഹിതം ഗഡുക്കളോടൊപ്പം തിരികെ നല്‍കും. ആശ്രയ വിഭാഗക്കാര്‍ ഗുണഭോക്തൃ വിഹിതം നല്‍കേണ്ടതില്ല. 600 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിക്കാവുന്നത്. 2022ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കുകയാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി നഗരവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. നഗരപരിധിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി താമസിക്കുന്ന, ഇന്ത്യയില്‍ ഒരിടത്തും വീടില്ലാത്ത വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ളവരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്. പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 500 പേരുടെ പട്ടിക കൂടി തയാറാക്കിയെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. ഗീതാകുമാരി പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി രാജ്യത്ത് ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കൊല്ലം കോര്‍പറേഷന് കഴിഞ്ഞു. നിലം എന്നെഴുതിയ ഭൂമിയില്‍ വീട് വെക്കാനുള്ള അനുമതി തേടേണ്ടത് മൂലമാണ് കൂടുതല്‍ പേര്‍ക്ക് ഇപ്പോള്‍ ആദ്യഗഡു വിതരണം ചെയ്യാന്‍ കഴിയാത്തതെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.