പരവൂര്‍: നഗരത്തിലും പരിസരത്തുമുള്ള വിവിധ റോഡുകള്‍ ഇരുള്‍ മൂടിയിട്ടും തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ തുടരുന്നു. നഗരഹൃദയത്തില്‍ കോട്ടപ്പുറം ഹൈസ്കൂളിന് മുന്നിലെ റോഡ് പൂര്‍ണമായും ഇരുട്ടിലായിട്ട് നാളുകളേറെയായി. രാത്രിയായാല്‍ ഇവിടെ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇതുമൂലം വാഹനങ്ങള്‍ കടന്നുവന്നാല്‍ കാല്‍നടക്കാര്‍ വളരെയേറെ ബുദ്ധിമുട്ടിലാണ്. വെളിച്ചം കൂടി ഇല്ലാതായതോടെ ഇവിടെ അപകട സാധ്യതയേറി. പരവൂര്‍ ജങ്ഷനിലെ ഹൈമാസ്റ്റില്‍ മിക്കപ്പോഴും ഒരു ലൈറ്റ് മാത്രമാണ് തെളിയാറുള്ളത്. ഇടറോഡുകളില്‍ അപൂര്‍വമായി മാത്രമാണ് തെരുവുവിളക്കുകള്‍ മിഴിതുറക്കുന്നത്. കുറുമണ്ടല്‍ കല്ലുംകുന്ന് പ്രദേശവാസികള്‍ ഈയിടെ വൈദ്യുതിപോസ്റ്റിന് ചുവട്ടില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ച്് പ്രതിഷേധിച്ചിരുന്നു. തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും യഥാസമയം അറ്റകുറ്റപ്പണി നടത്താനും നഗരസഭ കൃത്യമായ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നാണ് വിശദീകരണം. എന്നാല്‍ കരാര്‍ എടുത്തിരിക്കുന്നവര്‍ ഇതില്‍ വീഴ്ച വരുത്തുകയാണത്രെ. ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടാണ് കരാറുകാരന്‍ മുന്നോട്ടുവെക്കുന്ന ന്യായം. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍നിന്നും പരിപാലിക്കുന്നതില്‍നിന്നും കെ.എസ്.ഇ.ബി പിന്മാറിയത് മുതലാണ് പ്രശ്നം രൂക്ഷമായത്. നാട്ടുകാരുടെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടിവരുന്നത് തങ്ങളാണെന്നാണ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ പരാതി. യാഥാര്‍ഥ്യം മനസ്സിലാക്കാതെ നാട്ടുകാര്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് വര്‍ധിച്ചുവരുന്നതായി അവര്‍ പറയുന്നു. പലപ്പോഴും കൈയില്‍നിന്ന് പണം മുടക്കിയും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താറുണ്ടെന്നാണ് ചില കൗണ്‍സിലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.