തെരുവുനായ് ശല്യം വര്‍ധിച്ചു; ഗ്രാമങ്ങളില്‍ ജനം ഭീതിയില്‍

കുന്നിക്കോട്: തെരുവുനായ് ശല്യം വര്‍ധിക്കുന്നതുമൂലം ഗ്രാമീണ മേഖലയില്‍ ജനം ഭീതിയില്‍. പത്തനാപുരത്തും സമീപപ്രദേശങ്ങളിലുമായി ഒരു മാസത്തിനിടെ തെരുവുനായുടെ ആക്രമണത്തിനിരയായത് ഇരുപത്തഞ്ചിലേറെ പേരാണ്. പഞ്ചായത്തിലെ ജനവാസമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലകളാണ് നായ്ശല്യം വര്‍ധിക്കാനുള്ള പ്രധാനകാരണം. അറവിന് ശേഷമുള്ള മാലിന്യം പാതയോരങ്ങളിലും മറ്റുമാണ് തള്ളുന്നത്. ഇത് ഭക്ഷിക്കാന്‍ കൂട്ടത്തോടെ എത്തുന്ന നായ്ക്കള്‍ കാല്‍നടയാത്രികരെയും വാഹനയാത്രികരെയും ആക്രമിക്കുകയാണ്. കുട്ടികളെ സ്കൂളില്‍ വിടാനോ ഒറ്റയ്ക്ക് പുറത്ത് വിടാനോ കഴിയാറില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേല്‍ക്കുന്നുണ്ട്. പത്തനാപുരം നഗരമധ്യത്തിലും തെരുവുനായ് ശല്യം രൂക്ഷമാണ്. സന്ധ്യയായാല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലോ അടൂര്‍ പാതയിലോ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ കഴിയാറില്ല. ജനതാ ജങ്ഷന്‍ നെടുംപറമ്പ് പാതയും പഞ്ചായത്ത് ഓഫിസ് റോഡും പകല്‍ സമയങ്ങളിലും തെരുവുനായ്ക്കളുടെ പിടിയിലാണ്. പൊലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫിസുകള്‍ എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തെരുവുനായ് ശല്യത്തെപ്പറ്റി പരാതി ലഭിച്ചെങ്കിലും നടപടിയെടുക്കാന്‍ കഴിയുന്നില്ല എന്ന് പഞ്ചായത്ത് അധികൃതരും പറയുന്നുണ്ട്. കോടതിവിധി നിലനില്‍ക്കുന്നത് തന്നെയാണ് പ്രധാന പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.