21 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

വര്‍ക്കല: നഗരസഭയുടെ 21 കോടിയുടെ വികസനക്ഷേമ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതായി ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസും വൈസ് ചെയര്‍മാന്‍ എസ്. അനിജോയും പറഞ്ഞു. വര്‍ക്കല പ്രസ്ക്ളബ് മീഡിയ സെന്‍റര്‍ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുന്‍കാലങ്ങളില്‍ ഏറ്റവുമൊടുവില്‍ മാത്രം പദ്ധതികള്‍ സമര്‍പ്പിക്കുന്ന പതിവായിരുന്നു നഗരസഭയില്‍ ഉണ്ടായിരുന്നത്. അതുമാറ്റി ഇക്കുറി ഏറ്റവും ആദ്യംതന്നെ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടി. പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തീകരിക്കും. നഗരസഭ ഭരണസമിതിക്ക് ജനക്ഷേമഭരണത്തിലാണ് താല്‍പര്യം. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ നിര്‍ദേശങ്ങളും പിന്തുണയും ഉണ്ടാകണം. മാലിന്യസംസ്കരണ പ്ളാന്‍റ് ആധുനികമായി സ്ഥാപിക്കും. മാലിന്യസംസ്കരണം ശാസ്ത്രീയമാക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ രണ്ടരക്കോടി രൂപ വെറുതെ ബാങ്കിലിട്ട് കാവലിരിക്കുകയായിരുന്നു മുന്‍ഭരണസമിതി. പ്രസ്തുത തുക ഉപയോഗിച്ചാണ് ശുചിത്വമിഷന്‍െറ സഹകരണത്തോടെ മാലിന്യസംസ്കരണ പ്ളാന്‍റ് സജ്ജമാക്കുന്നത്. മുനിസിപ്പല്‍ ടൗണ്‍ഹാള്‍ അത്യാധുനിക രീതിയില്‍ രണ്ടുവര്‍ഷത്തിനകം പുനര്‍നിര്‍മിക്കും. എം.പി ഫണ്ട് ഉപയോഗിച്ച് നഗരസഭക്കായി ആംബുലന്‍സ് വാങ്ങും. നഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന എല്ലാ പാര്‍ക്കിങ്ങും നിരോധിക്കും. ബസ്സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്ക് ചെയ്യാതെ റോഡുവശങ്ങളിലും സ്റ്റോപ്പുകളിലും പാര്‍ക്ക് ചെയ്യുന്ന സ്വകാര്യബസുകള്‍ക്കും ഇതര വാഹനങ്ങള്‍ക്കും കനത്ത പിഴ ചുമത്തും. സര്‍വിസ് ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തയുടന്‍ സ്റ്റോപ് വിട്ടുപോകണം. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായി നടപടികള്‍ സ്വീകരിക്കും. കാര്‍ഷികമേഖലക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയും ജൈവ പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ഈ വര്‍ഷം ഒരുകോടി 30 ലക്ഷം രൂപ ചെലവിടും. ഹൈടെക് നഗരസഭക്കായി വര്‍ക്കലയെ മാറ്റും. ഇതിനായി കമ്പ്യൂട്ടര്‍വത്കരണം പൂര്‍ണമായി നടപ്പാക്കും. ഒന്നരക്കോടി ചെലവിട്ട് പുന്നമൂട് മാര്‍ക്കറ്റ് നവീകരണ പദ്ധതി ഉടന്‍ നടപ്പാക്കും. ഇക്കുറി വിപുലമായിതന്നെ ഓണം ഫെസ്റ്റ് സംഘടിപ്പിക്കും. അഞ്ചുദിവസത്തെ പരിപാടികളാണ് ഉണ്ടാവുകയെന്നും ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് ജി. ഷാജി സ്വാഗതവും ജനറല്‍ സെക്രട്ടറി കാപ്പില്‍ സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.