മാനേജര്‍ തസ്തികയുടെ വിവരങ്ങള്‍ നല്‍കാതെ ജില്ലാ സഹകരണബാങ്ക്

അഞ്ചാലുംമൂട്: മാനേജര്‍ തസ്തികയുടെ നിലവിലെ ഒഴിവുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജില്ലാ സഹകരണബാങ്ക് അധികൃതര്‍ തയാറാകുന്നില്ല. വിവരാവകാശ നിയമപ്രകാരവും മറുപടി ലഭിക്കുന്നില്ളെന്ന് കാട്ടി പനയം ചാറുകാട് ശ്രീരാഗത്തില്‍ എന്‍. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കി. 433/2009 കാറ്റഗറി നമ്പറില്‍ പി.എസ്.സി ജില്ലാ സഹകരണബാങ്ക് മാനേജര്‍ തസ്തികയില്‍ പരീക്ഷ നടത്തുകയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സഹകരണബാങ്കുകളുടെ പുതിയ നിരവധി ബ്രാഞ്ച് തുറക്കുമ്പോള്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ ജില്ലാ സഹകരണബാങ്കുകള്‍ പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, കൊല്ലം ജില്ലാ സഹകരണബാങ്ക് അധികൃതര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറാകുന്നില്ളെന്ന് പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ജില്ലാ സഹകരണ ബാങ്കിനും പി.എസ്.സിക്കും കൊല്ലം സഹകരണ ജോയന്‍റ് രജിസ്ട്രാര്‍ക്കും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും 2013ലെ സുപ്രീംകോടതി വിധിപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ സഹകരണബാങ്കിന് ബാധ്യത ഇല്ളെന്ന നിലപാടാണ് ജില്ലാ ബാങ്ക് സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളെക്കുറിച്ചുള്ള പരാതിയില്‍ വിവരാവകാശ അപേക്ഷകളില്‍ സഹകരണബാങ്കുകള്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് സംസ്ഥാന വിവരാവകാശ കമീഷന്‍ ഉത്തരവിട്ടിരുന്നു. 2013ലെ സുപ്രീംകോടതി വിധിപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ സഹകരണബാങ്കിന് ബാധ്യത ഇല്ളെന്ന വാദം ശരിയല്ളെന്ന് കമീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി വായിച്ചുനോക്കാതെയും ഒൗചിത്യബോധമില്ലാതെയുമാണ് ജില്ലാ ബാങ്ക് മറുപടി നല്‍കിയതെന്നാണ് കമീഷന്‍ വ്യക്തമാക്കിയത്. സഹകരണസംഘം രജിസ്ട്രാര്‍ക്ക് സഹകരണനിയമം സെക്ഷന്‍ 65 പ്രകാരം ഏത് സംഘത്തിലും പരിശോധന നടത്തുന്നതടക്കമുള്ള വിപുലമായ അധികാരങ്ങളാണ് നല്‍കിയിട്ടുള്ളതെന്നും സഹകരണനിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സംഘത്തില്‍നിന്ന് ഏതുവിവരം കരസ്ഥമാക്കാനും രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്നും കമീഷന്‍ വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.