നഗരത്തിലെ ഓട്ടോകളില്‍ പരിശോധന തുടങ്ങി

കൊല്ലം: അമിത ചാര്‍ജ് ഈടാക്കുന്നതുള്‍പ്പെടെ പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഓട്ടോകളില്‍ പൊലീസ് പരിശോധന തുടങ്ങി. വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ 670 ഓട്ടോകളില്‍ പരിശോധന നടത്തി. മതിയായ രേഖകളില്ലാത്ത 103 ഓട്ടോകള്‍ പിടികൂടി. അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ച 18 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. 158 പെറ്റിക്കേസുകള്‍ ചാര്‍ജ് ചെയ്തു. സിറ്റി പൊലീസിന്‍െറ പരിധിയില്‍ ശക്തികുളങ്ങര മുതല്‍ ഇരവിപുരം വരെയും കിളികൊല്ലൂരിലുമാണ് വ്യാപകപരിശോധന നടത്തിയത്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന് ദിവസവും പൊലീസിന് പരാതി ലഭിക്കുന്നുണ്ട്. ചില ഡ്രൈവര്‍മാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു. ശനിയാഴ്ചയും പരിശോധന തുടരാനാണ് തീരുമാനമെന്ന് എ.സി.പി ജോര്‍ജ് കോശി പറഞ്ഞു. സിറ്റിയില്‍ നടന്ന പരിശോധനക്ക് ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന്‍, വെസ്റ്റ് എസ്.ഐ വിനോദ്, ട്രാഫിക് എസ്.ഐ എം. അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.